വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

ലണ്ടൻ: നിലവിൽ വികസിപ്പിച്ചെടുത്ത കൊറോണ വാക്സിനുകൾ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസിന്റെ പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ അപര്യാപ്തമാണെന്ന് കണ്ടെത്തൽ. ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്രോപദേശകരിൽ ഒരാൾ ഇക്കാര്യം സൂചിപ്പിച്ചതായി ഐടിവി എഡിറ്റർ റോബർട്ട് പെസ്റ്റൺ അറിയിച്ചു.

കൊറോണവൈറസിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്ക ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും പങ്കുവെച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലെ പുതിയ വൈറസ് വകഭേദത്തിനെതിരെയുള്ള വാക്സിൻ ഫലപ്രാപ്തിയെ കുറിച്ചാണ് ഹാൻകോക്കിന്റെ ആശങ്കയെന്ന് റോബർട്ട് പെസ്റ്റൺ അറിയിച്ചു. ബ്രിട്ടൻ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമാണെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും പുതിയ കൊറോണ വകഭേദങ്ങൾ കണ്ടെത്തിയതിനൊപ്പം തന്നെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവും ആഗോളതലത്തിൽ കൊറോണ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് കൂടുതൽ ഗുരുതരമായി ബാധിക്കാനിടയുണ്ടെന്നാണ് കണ്ടെത്തൽ. കൂടാതെ പുതിയ വകഭേദത്തിന്റെ തീവ്രവ്യാപനനിരക്കും പുതിയ വൈറസിനെ കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.

കൊറോണ വാക്സിൻ ദക്ഷിണാഫ്രിക്കൻ വകഭേദത്തിനെതിരെ ഫലപ്രദമല്ലെന്ന് ഓക്സ്ഫഡ് സർവ്വകലാശാലാ മെഡിസിൻ വിഭാഗം പ്രൊഫസർ ജോൺ ബെൽ ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. പുതിയ വാക്സിൻ ലഭ്യമാക്കാൻ ഒരു മാസമോ ആറാഴ്ചയോ സമയം മതിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.