താൽക്കാലിക യാത്രാ വിലക്ക് പിൻവലിച്ച് സൗദി; അതിര്‍ത്തികള്‍ ഇന്ന് തുറക്കും

റിയാദ്: സൗദി അറേബ്യ ഏർപ്പെടുത്തിയ താൽക്കാലിക യാത്രാ വിലക്ക് പിൻവലിച്ചു. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊറോണയുടെ വ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 20 മുതൽ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് കര, വ്യോമ, നാവിക അതിർത്തികൾ സൗദി അടച്ചിരുന്നു.

വിലക്ക് പിൻവലിച്ചതോടെ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. സൗദി സമയം പതിനൊന്നുമണിമുതലാണ് യാത്ര വിലക്ക് നീക്കുന്നത്.

അന്താരാഷ്ട്ര സർവ്വീസുകൾക്കുള്ള വിലക്ക് പൂർണമായും ഇനിയും പിൻവലിച്ചിട്ടില്ല. അതിനാൽ തന്നെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് സൗദിയിലെത്താൻ കഴിയില്ല.

യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീൻ പൂർത്തിയാക്കി മാത്രമെ സൗദിയിലേക്ക് പോകാനാകു. വിമാന സർവ്വീസുകൾക്ക് താത്കാലിക വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് സൗദിയിലെത്താനായി യുഎഇയിൽ എത്തിയവർ അവിടെ കുടുങ്ങിയിരുന്നു. ഇവർക്ക് ഇനി സൗദിയിലേക്ക് പോകാനാകും