പൂനെ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാർ പൂനവാല. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് കോടി ഡോസ് വാക്സിനുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ നിലവിൽ വാക്സിൻറെ കയറ്റുമതി സർക്കാർ അനുവദിച്ചിട്ടില്ലെന്നും പൂനവാല പറഞ്ഞു.
അതേസമയം ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിൻ ഉടൻ ഉപയോഗിക്കില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) മേധാവി ഡോ. രൺദീപ് ഗുലേറിയ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിൻ ആയിരിക്കും വരും ദിവസങ്ങളിൽ നൽകുകയെന്നും ഭാരത് ബയോടെക്കിൻറെ കോവാക്സിൻ തൽക്കാലം ഉപയോഗിക്കില്ലെന്നും ഗുലേറിയ പറഞ്ഞു.
ആദ്യത്തെ ഏതാനും ആഴ്ചകളിൽ കോവിഷീൽഡ് വാക്സിൻ ആയിരിക്കും വിതരണം ചെയ്യുക. നിലവിൽ കോവിഷീൽഡിൻറെ അഞ്ച് കോടി ഡോസുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. ആ സമയംകൊണ്ട് കോവാക്സിൻ മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.