ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കൊറോണ ബാധിച്ചതായി റിപ്പോർട്ട്

കാലിഫോർണിയ: ഫൈസർ വാക്സിൻ സ്വീകരിച്ച നഴ്സിന് കൊറോണ ബാധിച്ചതായി റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇ​ദ്ദേഹത്തിന് വൈറസ് സ്ഥിരീകരിച്ചതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

കാലിഫോർണിയയിലാണ് സംഭവം. നാൽപ്പത്തിയഞ്ചുകാരനായ മാത്യു ഡബ്ല്യു എന്ന നഴ്സിന് കൊറോണ ബാധിച്ചതായാണ് വിവരം. വാക്സിന്‍ സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞപ്പോൾ 45കാരനായ നഴ്സിന് ജോലിക്കിടെ അസ്വസ്ഥത തോന്നി. കൊറോണ യൂണിറ്റിലായിരുന്നു ആ സമയം ജോലി നോക്കിയിരുന്നത്.

തണുപ്പും പേശി വേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം പരിശോധനക്ക് വിധേയമായപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്. ക്രിസ്മസ് ദിനത്തിൽ രോഗലക്ഷണങ്ങള്‍ കലശലായെങ്കിലും അതിനുശേഷം കുറഞ്ഞു.

അതേസമയം വാക്സിൻ പ്രവര്‍ത്തിക്കാൻ 10 മുതൽ 14 ദിവസം വരെയെടുക്കുമെന്നാണ് വിദഗ്ദ്ധര്‍ അറിയിക്കുന്നത്. വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്ന് തങ്ങൾക്ക് അതിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന കാര്യമാണെന്നും ക്രിസ്റ്റ്യൻ റോമേഴ്സ് പറഞ്ഞു.

ഡിസംബര്‍ 18നാണ് കൊറോണയ്ക്കെതിരെയുള്ള ഫൈസര്‍ വാക്‌സിന്‍ മാത്യു ഡബ്ല്യു സ്വീകരിച്ചത്. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വാക്സിൻ സ്വീകരിച്ചപ്പോൾ കൈത്തണ്ടയ്ക്ക് വേദനയല്ലാതെ മറ്റ് പാർശ്വഫലങ്ങളുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.