കൊറോണ കാരണം അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണം: ഫ്രാൻസിസ് മാർപാപ്പ

റോം: കൊറോണ കാരണം അകന്നിരിക്കുന്നവർ ഹൃദയം കൊണ്ട് അടുക്കണമെന്ന സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ. പാവപ്പെട്ടവരെ സഹായിക്കുന്നതാണ് ഏറ്റവും വലിയ ക്രിസ്തുമസ് സമ്മാനമെന്നും മാർപാപ്പ പറഞ്ഞു.

കൊറോണയെ തുടർന്ന് ചെറിയ രീതിയിലായിരുന്നു ക്രിസ്മസ് ആഘോഷ ചടങ്ങുകൾ. കൊറോണ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ വത്തിക്കാനിൽ 100 പേർ മാത്രമാണ് പാതിരാ കൂർബാനയിൽ പങ്കെടുത്തത്. സാധാരണ ആരംഭിക്കുന്നതിലും രണ്ട് മണിക്കൂർ മുൻപാണ് ഇക്കുറി പ്രാർത്ഥനാ ചടങ്ങുകൾ ആരംഭിച്ചത്.

ഉർബി അറ്റ് ഓർബി – അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പോപ്പ് ഫ്രാൻസിസിൻ്റെ എട്ടാമത് ക്രിസ്മസ് സന്ദേശമാണിത്.

ഇറ്റലിയിൽ അതിവേ​ഗ കൊറോണ ഭീഷണിയെ തുടർന്ന് പ്രഖ്യാപിച്ച രാത്രികാല കർഫ്യൂ നിലനിൽക്കുന്നതിനാൽ വിശ്വാസികൾക്ക് രാത്രിയിൽ നേരത്തെ വീട്ടിലെത്തണമെന്നതിനാലാണ് ചടങ്ങുകൾ നേരത്തെയാക്കിയത്. ബദ്ദലഹേമിലെ തിരുപ്പിറവി ദേവാലയത്തിലും ഇക്കുറി ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തിരക്കുണ്ടായില്ല.

ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ദേവാലയങ്ങളിലെ പാതിരാ കുർബാനയിലും പ്രാർത്ഥനയിലും പങ്കെടുത്തു. ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും വിശുദ്ധകുർബാനയിലൂടെ വിശ്വാസികൾ തിരുപ്പിറവിയെ വരവേറ്റു.