കോവാക്‌സീൻ സ്വീകരിക്കുന്നവരിൽ ആറു മുതൽ 12 മാസം വരെ ആന്റിബോഡികൾ നിലനിൽക്കും

ഹൈദരാബാദ്: കോവാക്‌സീൻ സ്വീകരിക്കുന്നവരിൽ ആറു മുതൽ 12 മാസം വരെ ആന്റിബോഡികൾ നിലനിൽക്കുമെന്ന് വാക്‌സീൻ വികസിപ്പിച്ച ഭാരത് ബയോടെക്ക്. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ആദ്യ കൊറോണ വാക്‌സീനാണ് കോവാക്‌സീൻ. വാക്‌സീൻ സ്വീകരിച്ച ശേഷം പരിണിതഫലങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല.

വാക്‌സീന്റെ പരീക്ഷണ ഘട്ടങ്ങളിൽ പ്രതികൂല സംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും ഭാരത് ബയോടെക്ക് പറഞ്ഞു. നവംബർ പകുതി മുതൽ വാക്‌സീന്റെ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചിരുന്നു. ഇതിൽ 26,000 വോളന്റിയർമാരാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ പങ്കെടുത്തത്.

അമേരിക്കൻ വിപണിയിലേക്കായി യുഎസ് കമ്പനിയായ ഒക്യുജെന്നുമായി ചേർന്ന് ഭാരത് ബയോടെക്ക് കൊറോണ വാക്‌സീൻ പരീക്ഷണങ്ങൾ തുടരുമെന്ന് കമ്പനികൾ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള ധാരണ പത്രത്തിൽ ഇരു കമ്പനികളും ഒപ്പു വച്ചിരുന്നു

ഭാരത് ബയോടെക്ക് പുറത്ത് വിട്ട ഗവേഷണ രേഖകളിലാണ് ആന്റിബോഡികൾ ദീർഘകാലം നിലനിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്‌, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് കോവാക്‌സീൻ വികസിപ്പിച്ചെടുക്കുന്നത്.