കൊറോണ വാക്സിന്‍റെ ആദ്യ ബാച്ച് തിങ്കളാഴ്‍ച: ഉപയോഗത്തിന് പ്രധാനമന്ത്രി അനുമതി പ്രഖ്യാപിക്കും

ന്യൂഡെൽഹി: കൊറോണ വാക്സിന്‍റെ ആദ്യ ബാച്ച് തിങ്കളാഴ്‍ച ഡെൽഹിയിൽ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. കൊറോണ വൈറസിന്‍റെ പുതിയ വകഭേദം യുകെയില്‍ കണ്ടത്തിയ സാഹചര്യത്തില്‍ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ലാബുകൾ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ പ്രാബല്ല്യത്തിലാക്കി. മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

യുകെയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പലര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഡെൽഹി, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍ എത്തിയ യാത്രക്കാര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടണില്‍ കണ്ടെത്തിയ പുതിയ വകഭേദമാണോയെന്ന് അറിയാന്‍ വിമാനയാത്രക്കാരില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.