വൈറസിൻ്റെ വകഭേദം; സിഡ്നി പൂർണമായും അടച്ചു; ബ്രിട്ടൻ വിമാനസർവീസുകൾ നിർത്തിവച്ചു

ലണ്ടൻ: ബ്രിട്ടനിൽ കോറോണ വൈറസിന്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ നിർത്തിവച്ചു. ബ്രിട്ടനിൽ നിന്ന് ഇന്ത്യയിൽ എത്തിയവർ ആർടി പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്ന പുതിയ ഉത്തരവും പുറത്തിറക്കി.

അതേസമയം ബ്രിട്ടനിൽ പുതിയതായി കണ്ടെത്തിയ കൂടുതൽ അപകടകാരിയായ കൊറോണ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് റിപ്പോർട്ട്. ഇറ്റലി, ഡെൻമാർക്ക്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വകഭേദം സംഭവിച്ച സമാന വൈറസുകൾ റിപ്പോർട്ട് ചെയ്തു. സൗദി അതിർത്തികൾ പൂർണമായി അടച്ചു.

കൂടുതൽ രാജ്യങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കി. ബ്രിട്ടനിൽനിന്നുള്ള വിമാനസർവീസുകൾ ബൽജിയം, നെതർലൻഡ്സ്, ഇറ്റലി. ജർമനി, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ റദ്ദാക്കി. സൗദി കര, വ്യോമ, നാവിക അതിർത്തികൾ അടച്ചു.

വൈറസിൻ്റെ വകഭേദം കണ്ടെത്തിയ സിഡ്നി നഗരവും പൂർണമായി അടച്ചു. സിഡ്നിയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതിന് പുറമെ റോഡ് ഗതാഗതവും നിരോധിച്ചു. നിലവിലുള്ളതിനെക്കാൾ 70 ശതമാനം കൂടതൽ വ്യാപനനിരക്കുള്ളതും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പുതിയ വൈറസ്.

വൈറസ് വകഭേദം കണ്ടെത്തിയ ലണ്ടനിലും തെക്കുകിഴക്കൻ ഇംഗ്ലണ്ടിലും വീടിന് പുറത്തിറങ്ങുന്നത് വിലക്കി. അതീവ ജാഗ്രത പ്രഖ്യാപിച്ചു.