ഫൈസർ വാക്‌സിൻ സ്വീകരിച്ച നഴ്‌സ് തലകറങ്ങി വീണു; വീഡിയോ വൈറലാകുന്നു

വാഷിം​ഗ്ടൺ: കൊറോണ വൈറസിനെതിരായി വികസിപ്പിച്ച ഫൈസർ-ബയോടെക് വാക്‌സിൻ സ്വീകരിച്ച യുഎസ് നഴ്‌സ് തലകറങ്ങി വീണെന്ന് റിപ്പോർട്ടുകൾ. ടിഫാനി ഡോവർ എന്ന നഴ്‌സാണ് തലകറങ്ങി വീണത്. ഇവർ വീഴുന്ന ദൃശ്യം ടെലിവിഷനിൽ ലൈവായി സംപ്രേഷണം ചെയ്യപ്പെടുകയും ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വാക്‌സിൻ കുത്തിവെച്ചതിനു ശേഷം പ്രസ്‌കോൺഫറൻസിൽ സംസാരിക്കവെയാണ് നഴ്‌സ് തലകറങ്ങി വീണത്. എന്നാൽ വാക്‌സിന്റെ പാർശ്വഫലം കൊണ്ടല്ല നഴ്‌സ് തലചുറ്റി വീണതെന്നാണ് ഔദ്യോഗിക വിശദീകരണം.

വാക്‌സിൻ സ്വീകരിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ എല്ലാ സ്റ്റാഫുകളും. ഞങ്ങൾ കൊറോണ യൂണിറ്റിലാണ്. അതിനാൽ വാക്‌സിൻ ലഭിക്കാനുള്ള ആദ്യ അവസരം ഞങ്ങൾക്ക് ലഭിച്ചുവെന്നാണ് തലകറങ്ങിവീഴുന്നതിനു മുമ്പ് നഴ്‌സ് പ്രസ്‌കോൺഫറൻസിൽ പറഞ്ഞത്. പൊടുന്നനെ എനിക്ക് തലചുറ്റുന്നതു പോലെ തോന്നുന്നു എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന നഴ്‌സ് തലചുറ്റി വീഴുകയായിരുന്നു.

വാക്‌സിൻ കുത്തിവെച്ചപ്പോൾ കൈക്കുണ്ടായ വേദനയാണ് തലകറക്കത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്. അതേസമയം നഴ്‌സ് തലകറങ്ങി വീഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ ഫൈസർ-ബയോടെക് വാക്‌സിൻ ഫലപ്രദമല്ലെന്നതിന് തെളിവാണിതെന്നും ചിലർ ആരോപിച്ചു.

എന്നാൽ അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ (സിഡിസി) പറയുന്നത് തങ്ങൾക്ക് ലഭിച്ച റിപ്പോർട്ട് പ്രകാരം എല്ലാ വാക്‌സിനും ആദ്യ ഘട്ടത്തിൽ സ്വീകരിക്കുന്ന സമയത്ത് തലകറക്കമുണ്ടാവുന്ന കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.