നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി; പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി ശര്‍മ ഒലി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാർലമെന്റ് പിരിച്ചുവിടാൻ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി ശുപാർശ ചെയ്തു. മുൻ പ്രീമിയർ പ്രചണ്ഡയുമായി പാർട്ടിക്കുള്ളിൽ തുടരുന്ന അധികാര തർക്കം രൂക്ഷമായതോടെയാണ് പാർലമെന്റ് പിരിച്ചുവിടാൻ ശർമ ഒലി രാഷ്ട്രപതി ബിദ്യദേവി ഭണ്ഡാരിയോട് ശുപാർശ ചെയ്തത്.

ഞായറാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര ക്യാബിനെറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാർശ രാഷ്ട്രപതിക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി അംഗം പിടിഐ വാർത്താ ഏജൻസിയോട് വ്യക്തമാക്കി.

രാഷ്ട്രപതി ഭവനിൽ നേരിട്ടെത്തി പ്രധാനമന്ത്രി മന്ത്രിസഭാ തീരുമാനം രാഷ്ട്രപതിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഒലിയുടെ തീരുമാനത്തിനെതിരേ ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മുതിർന്ന എൻസിപി നേതാവും മുൻ പ്രധാനമന്ത്രിയുമായ മാധവ് കുമാർ വ്യക്തമാക്കി.

ഭരണഘടന വ്യവസ്ഥ അനുസരിച്ച് പാർലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രധാനമന്ത്രിക്ക് ഇല്ലെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ കൊണ്ടുവന്ന ഭരണഘടന കൗൺസിൽ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ഓർഡിനൻസ് പിൻവലിക്കാൻ ഒലിക്ക് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു.

ഒലിക്കെതിരേയുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തി പ്രധാനമന്ത്രി പദം ഒഴിയണമെന്ന് മാധവ്, പ്രചണ്ഡ വിഭാഗങ്ങൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. പുതിയ രാഷ്ട്രീയ പ്രതിസന്ധിക്കിടെ മുഖ്യപ്രതിപക്ഷ പാർട്ടിയായ നേപ്പാളി കോൺഗ്രസ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.