മുസ്‌ലിങ്ങള്‍ക്ക് ക്രിസ്മസ് ആഘോഷം വേണ്ടെന്ന് ഹമാസ്

ഗാസ: ക്രിസ്തുമസ് ആഘോഷങ്ങൾ പരിമിതപ്പെടുത്താന്‍ ഹമാസ്. ഹമാസ് മതകാര്യ മന്ത്രാലയമാണ് ക്രിസ്തുമസ് ആഘോഷം പരിമിതപ്പെടുത്താനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടത്. ഡിസംബര്‍ 15 ന് ഹമാസിലെ മതകാര്യ മന്ത്രാലയം ക്രിസ്തുമസ് ആഘോഷം കുറയ്ക്കാന്‍ വേണ്ട ഔദ്യാഗിക തലത്തില്‍ തയ്യറാക്കിയ ഡോക്യുമെന്റ് പുറത്തായതോടെയാണ് വിവാദം ഉണ്ടായത്.

കൊറോണ പ്രോട്ടോകോള്‍ പ്രകാരമുള്ള നിയന്ത്രണമല്ലെന്നതിനാല്‍ പുതിയ തീരുമാനം പാലസ്തീനികള്‍ക്കിടയില്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.സംഭവം പുറത്തായതോടെ വ്യാപക വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു. പാലസ്തീനിലെ ക്രിസ്ത്യന്‍- മുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള നീക്കമാണിതെന്നും ഹമാസ് ക്രിസ്ത്യന്‍ സമൂഹത്തോട് മാപ്പു പറയണമെന്നും പാലസ്തീനില്‍ നിന്നും ആവശ്യമുയര്‍ന്നു.

ഡോക്യുമെന്റില്‍ ക്രിസ്മസ് ആഘോഷം പരിമിതപ്പെടുത്താന്‍ വിവിധ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വെച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളാണുള്ളത്. ക്രിസ്മസ് ദിനത്തില്‍ ഫത്വ പ്രഖ്യാപിക്കാനും, സോഷ്യല്‍ മീഡിയയില്‍ മതപണ്ഡിതരെ ഉള്‍പ്പെടുത്തി ആഘോഷങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടക്കണമെന്നും ഈ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

മുസ്‌ലിങ്ങള്‍ക്കും യേശു ആരാധനാ രൂപമാണെന്നും ഏത് ആഘോഷത്തില്‍ പങ്കെടുക്കണമെന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടു. പാലസ്തീന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രംഗത്തു വന്നു.