വാഷിംഗ്ടൺ: ചാന്ദ്ര ദൗത്യങ്ങൾക്കായി നാസയുടെ ആർട്ടെമിസ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ വംശജനും. തെരഞ്ഞെടുക്കപ്പെട്ട 18 സഞ്ചാരികളിൽ ആണ് ഇന്ത്യൻ വംശജനായ ഹൈദരാബാദിൽ നിന്നുള്ള രാജാ ചാരി പദ്ധതിയുടെ ഭാഗമായിരിക്കുന്നത്.
2024ൽ പുരുഷനെയും ആദ്യ വനിതയെയും ചന്ദ്രനിലേക്ക് അയയ്ക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികളാണ് അർടെമിസ് പ്രോഗ്രാമിൽ ഉൾപ്പെടുന്നത്.
പദ്ധതിയുടെ ഭാഗമാവുന്ന വരുടെ പേരുകൾ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെൻസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നടന്ന എട്ടാമത് ദേശീയ ബഹിരാകാശ കൗൺസിൽ യോഗത്തിലാണ് മൈക്ക് പെൻസ് അംഗങ്ങളെ പരിചയപ്പെടുത്തിയത്.
ഐയോവയിലെ സെഡാർ ഫോൾസിൽ ജനിച്ചു വളർന്ന ചാരി യു.എസ് വ്യോമസേനയിലെ കേണലായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ്.
രാജാ ചാരി അസ്ട്രോണട്ട് കോറിന്റെ ഭാഗമായത് 2017-ലാണ്. അസ്ട്രോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമുള്ള അദ്ദേഹം, ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ളത് എയ്റോനോട്ടിക്സിലും അസ്ട്രോനോട്ടിക്സിലുമാണ്.
യു.എസ് നേവൽ ടെസ്റ്റ് പൈലറ്റ് സ്കൂളിലും നാസയിലെത്തുന്നതിനു മുമ്പ് രാജാ ചാരി പഠിച്ചിരുന്നു. എഫ്-15 ഇ അപ്ഗ്രേഡ്, എഫ് -35 ഡെവലപ്പ്മെന്റ് എന്നീ പ്രോഗ്രാമുകളിലും പ്രവർത്തിച്ചിട്ടുള്ള രാജാ ചാരി, ഹൈദരാബാദിൽ നിന്നും യുഎസിലേക്ക് കുടിയേറിയ ശ്രീനിവാസ് വി. ചാരിയുടെ മകനാണ്.