ഐക്യരാഷ്ട്രസംഘടനയുടെ നിക്ഷിപ്ത താൽപര്യം ; കഞ്ചാവിന് വെള്ളപൂശി ഇന്ത്യയും

ന്യൂഡെൽഹി: ഐക്യരാഷ്ട്രസംഘടനയുടെ നിക്ഷിപ്ത താൽപര്യത്തിന് കഞ്ചാവിന് വെള്ളപൂശി ഇന്ത്യയും. ഏറ്റവും അപകടകരമായ മയക്കുമരുന്നുകളുടെ വിഭാഗത്തിൽനിന്ന് കഞ്ചാവിനെ നീക്കം ചെയ്യാനുള്ള പ്രമേയത്തെ അനുകൂലിച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്. രാജ്യത്ത് ഉടനീളം കഞ്ചാവ് ഉപയോഗം വ്യാപകമായി ഗുരുതര പ്രശ്നങ്ങൾക്കിടയാക്കുമ്പോഴാണ് യുഎൻ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചത്.

യുഎൻ നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷനിൽ വന്ന (സിഎൻഡി) പ്രമേയത്തെ അനുകൂലിച്ചാണ് ഇന്ത്യ വോട്ട് ചെയ്തത്. യുഎൻ നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷന്റെ 63-ാമത് സെഷനിൽ ബുധനാഴ്ച എടുത്ത തീരുമാനം അന്താരാഷ്ട്ര തലത്തിൽ കഞ്ചാവ് നിയന്ത്രിക്കുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്തും.

1961-ലെ മയക്കു മരുന്നുകൾക്കായുള്ള സിംഗിൾ കൺവെൻഷന്റെ ഷെഡ്യൂൾ ഫോറിൽനിന്ന് കഞ്ചാവ് നീക്കം ചെയ്യാനുള്ള തീരുമാനത്തിന് അനുകൂലമായിട്ടാണ് മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യ വോട്ട് ചെയ്തത്.

ഹെറോയിൻ ഉൾപ്പെടെയുള്ള മാരകമായ, ആസക്തി ഉളവാക്കുന്ന ലഹരിമരുന്നുകൾക്ക് ഒപ്പമായിരുന്നു കഞ്ചാവിനെ പട്ടികപ്പെടുത്തിയിരുന്നത്. മെഡിക്കൽ ആവശ്യങ്ങൾക്കായി ഈ പട്ടികയിലുള്ളതിനെ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു.

53 അംഗ സിഎൻഡി അംഗരാജ്യങ്ങളിൽ ഇന്ത്യ, യുഎസ്, യൂറോപ്യൻ രാജ്യങ്ങളടക്കം 27 വോട്ടുകളാണ് കഞ്ചാവിനെ ഈ പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ചൈന, പാകിസ്താൻ, റഷ്യ തുടങ്ങി 25 രാജ്യങ്ങൾ എതിർത്തു. അംഗരാജ്യമായ യുക്രൈൻ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല.

അഫ്ഗാനിസ്ഥാനിലെ പാകിസ്താൻ സ്ഥാനപതി മൻസൂർ അഹമ്മദ് ഖാന്റെ അധ്യക്ഷതയിലാണ് യുഎൻ നാർക്കോട്ടിക് മയക്കുമരുന്ന് കമ്മീഷന്റെ 63-ാമത് സെഷൻ നടന്നത്.

‘ഈ ചരിത്രപരമായ വോട്ടിലൂടെ സാധാരണയായി ഉപയോഗിക്കുന്നതും എന്നാൽ ഇപ്പോഴും നിയമവിരുദ്ധവുമായ ഉന്മേഷ ഔഷധങ്ങളുടെ ചികിത്സാ സാധ്യത തിരിച്ചറിയുന്നതിന് സിഎൻഡി വാതിൽ തുറന്നു.’ യുഎൻ കമ്മീഷൻ പറഞ്ഞു.

ഇന്ത്യയിൽ നിലവിൽ കഞ്ചാവിന്റെ ഉത്പാദനം, നിർമാണം, കൈവശം വയ്ക്കൽ, വിൽപ്പന, വാങ്ങൽ, ഉപയോഗം എന്നിവ ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ ഇന്ത്യയിൽ ഇക്കാര്യത്തിൽ ഇളവുണ്ടാകില്ല.