ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും തടസം; ചൈന രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണി

വാഷിംഗ്ടൺ: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആഗോള ഭീഷണിയാണു ചൈനയെന്നു യുഎസ്. ആഗോള തലത്തിൽ ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും തടസങ്ങൾ സൃഷ്ടിക്കുന്ന ചൈനയുടെ ലക്ഷ്യം വ്യക്തമാണെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. യുഎസ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണിയും ചൈനയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ അധീശത്വം കയ്യടക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. അതിനായി യുഎസിനെ ലക്ഷ്യമിടുന്നു.

സഹകരിക്കുക എന്നതിനേക്കാൾ മറ്റുരാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനാണ് അവർ ശ്രമിക്കുന്നത്. ഒരു ചൈനീസ് കമ്പനി മറ്റു രാജ്യങ്ങളുമായി സഹകരിക്കുമ്പോൾ കമ്യൂണിസ്റ്റ് നയങ്ങളും സൈനിക നയങ്ങളും രഹസ്യാന്വേഷണ സംവിധാനവും അപകടരമായി കോർത്തിണക്കിയാകും പ്രവർത്തിക്കുക. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളെ സൈനികമായും സാമ്പത്തികമായും സാങ്കേതികമായും വരുതിയിൽ നിർത്താനാണ് ചൈനയുടെ ശ്രമം.

യുഎസ് ഭരണാധികാരികൾ ഇനിയെങ്കിലും ഈ സത്യം പരസ്യമായി അംഗീകരിക്കാൻ തയാറാകണം. ചൈന ലോകത്തിനുതന്നെ ഭീഷണിയാണെന്ന് ഉറക്കെ വിളച്ചു പറയണം– വാൾ സ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ ജോൺ റാറ്റ്ക്ലിഫ് പറയുന്നു.

മറ്റുരാജ്യങ്ങളുടെമേൽ എല്ലായ്പ്പോഴും ചൈനീസ് ചാരക്കണ്ണുകൾ ഉണ്ട്. ചൈനയോടുള്ള സംസ്കാരിക നയം എന്ന കാഴ്ചപ്പാട് മാറണം. ബെയ്ജിങ്ങിന്റെ കടന്നുകയറ്റം ഇല്ലാതാക്കാനുള്ള സമഗ്രമായ നയത്തിനാണ് യുഎസ് രൂപം കൊടുക്കേണ്ടത്.

യുഎസിനെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ശക്തിയാകാനാണ് ചൈനയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജോ ബൈഡൻ അധികാരത്തിൽ വന്നാൽ ചൈനയോട് മൃദുസമീപനമാകും സ്വീകരിക്കുകയെന്ന ധ്വനിയിൽ ഊന്നിയായിരുന്നു റാറ്റ്ക്ലിഫിന്റെ വിമർശനം.