കൊറോണ ഭീതിയിൽ നീര്‍നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി ഡെന്മാർക്ക് ; കുഴികള്‍ക്ക് മുകളിൽ പൊന്തി വന്ന് നീര്‍നായകള;വിങ്ങിപ്പൊട്ടി പ്രധാനമന്ത്രി

കൊപൻഹേഗൻ : ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ വ്യാപകമായി കൊന്നൊടുക്കിയ നീര്‍നായകള്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാരിന് തലവേദനയാകുന്നു. കൊന്നൊടുക്കിയ നീര്‍നായകളെ ജലശ്രോതസ്സുകള്‍ക്ക് സമീപം കുഴികളെടുത്ത് മൂടിയതാണ് നിലവിലെ കോലാഹലങ്ങള്‍ക്ക് കാരണം. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും മികച്ച രോമക്കുപ്പായ വിപണിയായ ഡെന്‍മാര്‍ക്കിനെ സാരമായി ഈ കൂട്ടക്കൊല ബാധിച്ചത്. 17 ദശലക്ഷം നീര്‍നായകളേയാണ് അടുത്തിടെ കൊന്നൊടുക്കിയത്.

കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായി കൊന്നൊടുക്കിയതാണെങ്കിലും അവയെ കുഴിച്ച് മൂടിയത് നിയമാനുസൃതമല്ലെന്നാണ് ഡെന്‍മാര്‍ക്കിലെ പ്രതിപക്ഷം ആരോപിക്കുന്നത്. ദഹിപ്പിച്ച് കളയുകയായിരുന്നു ചെയ്യേണ്ട നടപടിയെന്നാണ് പ്രതിപക്ഷം പറയുന്നത്. ദഹിപ്പിക്കല്‍ ഉചിതമായ നടപടിയാണെങ്കിലും അതിന് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമായിരുന്നുവെന്നാണ് കുഴിച്ച് മൂടിയത് സംബന്ധിച്ച് ഡെന്‍മാര്‍ക്കിലെ കൃഷിമന്ത്രി റാസ്മുസ് പ്രന്‍ പറയുന്നത്.

വലിയ തോതില്‍ നീര്‍നായകളെ കൊലപ്പെടുത്തിയ ശേഷം അലക്ഷ്യമായി കുഴിച്ചുമൂടിയതിന് രാജ്യത്തുണ്ടായ ശക്തമായ പ്രതിഷേധത്തിന് പിന്നാലെ കൃഷി മന്ത്രി രാജി വയ്ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ അടുത്തിടെയാണ് റാസ്മുസ് പ്രന്‍ ചുമതലയേല്‍ക്കുന്നത്.

നീര്‍നായകളെ കൊല്ലുന്നതുമായ നടപടികളില്‍ വീഴ്ച സംഭവിച്ചതായി ഡെന്‍മാര്‍ക്ക് സര്‍ക്കാരും സമ്മതിച്ചിരുന്നു. മൃതാവശിഷ്ടങ്ങളില്‍ നിന്നുമുണ്ടായ നൈട്രോജന്‍. ഫോസ്ഫറസ് വാതകങ്ങളുടെ സാന്നിധ്യം മൂലം കുഴിച്ച് മൂടിയ നീര്‍നായകളുടെ മൃതദേഹങ്ങള്‍ ഉയര്‍ന്ന് വന്നതും വലിയ ചര്‍ച്ചയായിരുന്നു.

ശുദ്ധജല ശ്രോതസ്സുകള്‍ക്ക് സമീപമുളള ഖറൂപ്പ്, ഹോള്‍സ്റ്റിബ്രോ എന്നിവിടങ്ങളിലെ നീര്‍നായകളുടെ മൃതദേഹം പുറത്തെടുത്ത് കൃത്യമായി സംസ്കാരം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ശുദ്ധജല ശ്രോതസ്സുകളില്‍ മാലിന്യം കലരുമെന്നും അത് കൊറോണ പോലെ തന്നെ സാരമായി ആളുകളെ ബാധിക്കുമെന്നും പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞദിവസം ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഡച്ച് പ്രധാനമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്‍പിന്‍ വച്ച് വിതുമ്പിയത് വലിയ വാര്‍ത്തയായിരുന്നു. തലമുറകളായ തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേര്‍ക്കാണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊഴില്‍ ചിതറിപ്പോയത്. വളരെ വൈകാരികമായ ഒന്നാണ് ഇതെന്നും പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സന്‍ പ്രതികരിച്ചിരുന്നു.

പാരിസ്ഥിതിക ആഘാതം പരിശോധിക്കാതെയാണ് സര്‍ക്കാര്‍ നീര്‍നായകളെ കുഴിച്ച് മൂടിയതെന്ന ആരോപണം ഡെന്‍മാര്‍ക്കില്‍ ശക്തമാണ്. പാരിസ്ഥിതിക ബോംബാണ് ഈ നീര്‍നായകളെ വ്യാപകമായി കുഴിച്ച് മൂടിയ ഇടങ്ങളെന്നാണ് സോഷ്യലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി എംപിയായ സൈന്‍ മുംഗ് ആരോപിക്കുന്നത്.

ഡെൻമാർക്കിൽ 1100ഓളം നീര്‍നായ വളര്‍ത്തുകേന്ദ്രങ്ങളാണ് ഉള്ളത്. വ്യാപകമായി കൊന്നൊടുക്കിയ നീര്‍നായകള്‍ക്കായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതും ഇനിയും തീരുമാനമായിട്ടില്ല. സംഭവം ഡെൻമാർക്കിൽ മാത്രമല്ല ആഗോളതലത്തിൽ വലിയ വിവാദമായിരിക്കുകയാണ്.