മാസ്ക് താടിയിൽ തൂക്കിയിടാനല്ല ; രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡെൽഹി: കൊറോണ വ്യാപനത്തിൽ രാജ്യത്ത് സ്ഥിതി അതീവ ​ഗുരുതരാവസ്ഥയിലേക്ക്, നീങ്ങുമ്പോഴും പലയിടത്തുമായി പലതരം ഉത്സവങ്ങൾ നടക്കുകയാണെന്ന് സുപ്രീംകോടതി. ആഘോഷ പരിപാടികളിലും മറ്റും പങ്കെടുക്കുന്ന 80 ശതമാനം പേരും മാസ്കുകൾ ധരിക്കുന്നില്ല. ചിലരാകട്ടെ താടിയിലാണ് മാസ്കുകൾ ധരിക്കുന്നതെന്നും കോടതി വിമർശിച്ചു.

കൊറോണ വൈറസ് പ്രതിരോധത്തിന് കടുത്ത നടപടികളൊന്നും കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ സ്വീകരിക്കുന്നില്ല. കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന മാർഗ്ഗനിർദേശങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം കേരളം ഉൾപ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിൽ കൊറോണ വ്യാപനം ഗുരുതരമാണെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. കേസ് വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും. സംസ്ഥാനത്ത് നടക്കുന്ന എല്ലാ കൊറോണ മരണങ്ങളും കണക്കിൽപ്പെടുത്തുണ്ടെന്ന് വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ റിപ്പോർട്ട് ഫയൽ ചെയ്തു.

മരണം കൊറോണ മൂലമാണോയെന്ന് സംശയിക്കുന്ന മൃതദേഹങ്ങൾ പോലും വിശദമായ പരിശോധനയ്ക്ക് വിധേയം ആക്കുന്നുണ്ട്. മരണം കൊറോണ മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ഇന്റർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് പുറത്ത് ഇറക്കിയ മാർഗരേഖ പ്രകാരമാണ് കേരളം പരിശോധന നടത്തുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളത്തിന്റെ റിപ്പോർട്ട് കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.