ലോകത്തിലെ ഏറ്റവും ആഴമേറിയ നീന്തല്‍കുളം പോളണ്ടില്‍; കുളത്തില്‍ വിസ്മയ കാഴ്ചകള്‍

വാഴ്സാ: ലോകത്തിലെ ഏറ്റവും ആഴമേറിയ കുളം എവിടെയാണെന്ന് അറിയാമോ? അത് അങ്ങ് പോളണ്ടിലാണ്. ഏറ്റവും ആഴമേറിയ നീന്തല്‍കുളം പരിശീലനത്തിനായി തുറന്നു. 27 ഒളിമ്പിക്‌സ് കുളങ്ങളെക്കാള്‍ വലിപ്പമുള്ള ഈ കുളം കാണികള്‍ക്ക് വിസ്മയ കാഴ്ചകള്‍ തീര്‍ക്കുന്നതാണ്. ഇതിന്റെ ആഴം 148 അടി അഥവാ 45 മീറ്ററാണ്.

2.8 ലക്ഷം ചതുരശ്ര അടി വെള്ളമാണ് കുളത്തിലുള്ളത്. സ്‌കൂബ ഡൈവേഴ്സിനും പോളിഷ് സൈന്യത്തിനും അഗ്‌നിശമന സേനാ വിഭാഗത്തിനും പൊതുജനങ്ങള്‍ക്കും പരിശീലനത്തിനായാണ് കുളം ഉപയോഗിക്കുക. മായന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഓര്‍മിപ്പിക്കുന്ന ഗുഹകളും കപ്പല്‍ തകര്‍ന്നതിന്റെ മാതൃകകളും വെള്ളത്തിനടിയില്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്.

വെറും നീന്തല്‍ കുളം മാത്രമല്ല. അതിനൊപ്പം റെസ്റ്ററന്റുകളും കോണ്‍ഫറന്‍സ് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. വെള്ളത്തിനടിയില്‍ നടക്കുന്നതെല്ലാം എല്ലാവര്‍ക്കും കാണാം. ഇറ്റലിയിലെ മോണ്ടെഗ്രോറ്റോയിലെ വൈ-40 ഡീപ് ജോയ് എന്ന 132 അടി ആഴമുള്ള കുളത്തിന്റെ റെക്കോര്‍ഡാണ് പോളണ്ട് കുളം മറികടന്നിരിക്കുന്നത്. വെള്ളത്തില്‍ മത്സ്യങ്ങളോ പവിഴപുറ്റോ ഇല്ല.

ജീവിതത്തിലാദ്യമായി വെള്ളത്തില്‍ അഞ്ച് മീറ്റര്‍ അടിയിലേക്ക് പോയത് ഈ കുളത്തില്‍ വെച്ചാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥനായ ജെഴ്സി പറയുന്നു. കപ്പല്‍ തകര്‍ന്ന് കിടക്കുന്നതും ഗുഹകളുമെല്ലാം വ്യക്തമായി കാണാം. ബ്രസീലിലെ റിയോ ഡി ജനീറയിലെ പ്രശസ്തമായ യേശുക്രിസ്തുവിന്റെ പ്രതിമയെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമുണ്ട് ഈ കുളത്തിന്.

അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബര്‍ട്ടി പകുതി മുങ്ങുമെന്നും പറയുന്നു. പക്ഷെ, ഈ കുളത്തിന്റെ റെക്കോര്‍ഡ് ഇനി ആറു മാസത്തേക്ക് മാത്രമാണ്. ബ്രിട്ടനില്‍ 164 അടി ആഴമുള്ള ഒരു കുളം ആറു മാസത്തിനുള്ളില്‍ എത്തുമെന്നാണ് പറയുന്നത്.