ന്യൂഡെൽഹി: ഇന്ത്യയിൽ ആദ്യം സ്കൂളുകൾ തുറക്കാൻ തീരുമാനിച്ച ഡെൽഹി ഒടുവിൽ നിലപാട് മാറ്റി. വാക്‌സിൻ ലഭ്യമാകുന്നതുവരെ ഡൽഹിയിലെ സ്‌കൂൾ തുറക്കാൻ സാധ്യതയില്ലെന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ. സ്ഥിതിഗതികൾ പൂർണ നിയന്ത്രണത്തിലാകാതെ സ്‌കൂൾ തുറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സ്‌കൂൾ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. വാക്‌സിൻ ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വരുന്ന ദിവസങ്ങളിൽ പരിശോധന വർധിപ്പിക്കും. കഴിഞ്ഞ പത്ത് ദിവസമായി 100ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മരണനിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
843 ഐസിയു ബെഡുകൾ ഒരുക്കിയെന്നും മന്ത്രി വ്യക്തമാക്കി.ഡെൽഹിയിൽ ബുധനാഴ്ച 5000ത്തിലേറെ പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 61,000 പേർക്കാണ് ടെസ്റ്റ് ചെയ്തത്. 8.49 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുകയാണെന്നും നവംബർ ഏഴിന് 15.2 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്കെന്നും അദ്ദേഹം പറഞ്ഞു.
ഇതേ അവസ്ഥയിലാണെങ്കിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.