ലണ്ടൻ: കൊറോണ പ്രതിരോധ വാക്സീൻ (എ ഇസഡ് 1222) കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള അസ്ട്രാസെനക്കയുടെ നീക്കങ്ങൾക്ക് വെല്ലുവിളി. ഈയാഴ്ച ആദ്യമാണ് വാക്സീൻ 70% ഫലപ്രദമാണെന്ന് കമ്പനി പുറത്തുവിട്ടത്. എന്നാൽ പിന്നീട് ഓക്സ്ഫഡ് സർവകലാശാല വാക്സീന്റെ ഉൽപ്പാദന സമയത്തുണ്ടായ പിഴവുമൂലം ചിലയാളുകൾക്ക് ഒരു ഡോസിനുപകരം അര ഡോസാണ് നൽകിയതെന്ന വിവരം പുറത്തുവിട്ടിരുന്നു.
വാക്സീൻ ഉൽപ്പാദനത്തിലുണ്ടായ പിഴവ് പ്രാഥമിക ഫലങ്ങളെ ബാധിച്ചിരുന്നുവെന്ന സംശയവും ഉയരുന്നു. ഫലം പുറത്തുവന്നതിനു ശേഷമാണ് വലിയൊരു പിഴവു സംഭവിച്ചതായി അസ്ട്രാസെനക്ക സമ്മതിക്കുന്നത്. ഇതോടെ വാക്സീൻ എത്രത്തോളം ഫലപ്രദമാകുമെന്നാണ് ആശങ്ക.
ഫുൾ ഡോസ് നൽകിയുള്ള ബൂസ്റ്ററിനുമുൻപ് അര ഡോസ് നൽകിയവരിൽ വാക്സീൻ 90% ഫലപ്രദമാണെന്നും ഫുൾ ഡോസ് നൽകിയ ആളുകളിൽ 62% ആണ് ഫലമെന്നുമാണ് പുറത്തുവന്ന വിവരം. എന്നാൽ യുവ തലമുറയിൽ വാക്സീന് കൂടുതൽ ഫലപ്രാപ്തിയുണ്ടെന്ന് ഓപ്പറേഷൻ വാർപ് സ്പീഡ് എന്ന യുഎസ് വാക്സീന്‍ പ്രോഗ്രാമിന്റെ മേധാവി പിറ്റേദിവസം പറഞ്ഞിരുന്നു.
ചിലയാളുകൾക്ക് അരഡസൻ നൽകാൻ കാരണം മരുന്നു കുപ്പിയിലെ വാക്സീന്റെ അളവിന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളൊന്നു അസ്ട്രാസെനക്ക പുറത്തുവിട്ട ആദ്യ വിവരങ്ങളിൽ ഉണ്ടായിരുന്നില്ല. പരസ്പര വിരുദ്ധമായ കാര്യങ്ങൾ പുറത്തു വരുന്നതോടെ വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.