ട്യൂഷന്‍ സെന്ററുകളും നൃത്ത വിദ്യാലയങ്ങളും തുറക്കാന്‍ അനുമതി ; കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ്

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ സർക്കാർ വീണ്ടും ഇളവ് പ്രഖ്യാപിച്ചു. തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകൾ, നൃത്ത വിദ്യാലയങ്ങൾ, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാം.

പഠനം നടക്കുന്ന ഹാളുകളിൽ ഒരേസമയം വിദ്യാര്‍ഥികളുടെ എണ്ണം ഹാളിന്റെ ശേഷിയുടെ 50 ശതമാനമോ പരമാവധി 100 വ്യക്തികളോ ആയി പരിമിതപ്പെടുത്തണമെന്ന ഉപാധിയോടെയാണ് തുറക്കാന്‍ അനുമതി നല്‍കിയത്. എന്നാൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.

അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേരളത്തിലെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കിയേക്കും. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിനുശേഷം രോഗപരിശോധനയും നിര്‍ബന്ധമായി തുടരുകയായിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടുചെയ്യാന്‍ ഒട്ടേറെ പേര്‍ എത്തുമെന്ന കണക്കുകൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ബിസിനസ് യാത്രകള്‍ക്കും ക്വാറന്റൈന്‍ ഒഴിവാക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. നിലവില്‍ 7 ദിവസത്തിനകം മടങ്ങുന്നവര്‍ക്ക് പ്രത്യേക അനുമതിയുണ്ടെങ്കില്‍ ക്വാറന്റൈന്‍ വേണ്ട.