ന്യൂഡെൽഹി: റഷ്യൻ നിർമിത കൊറോണ വാക്സിൻ സ്പുട്നിക്-വിയുടെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ ഈയാഴ്ച മധ്യത്തോടെ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മനുഷ്യരിലെ വാക്സിൻ പരീക്ഷണത്തിന് അനുമതി നൽകുന്ന നടപടിക്രമങ്ങൾ പൂർത്തിയായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പരീക്ഷണം ഈയാഴ്ച ആരംഭിക്കുമെന്നും നീതി ആയോഗ് അംഗം ഡോക്ടർ വികെ പോൾ ചൊവ്വാഴ്ച സ്ഥിരീകരിച്ചിരുന്നു. പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങൾ സംയുക്തമായാണ് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മോസ്കോ ആസ്ഥാനമായ ഗമാലെയ ഇൻസ്റ്റിറ്റ്യൂട്ടാണ് സ്പുട്നിക്-വി വികസിപ്പിച്ചെടുത്തത്.
ഹൈദരാബാദിലെ ബഹുരാഷ്ട്ര മരുന്നു നിർമാണ കമ്പനിയായ ഡോ റെഡ്ഡീസ് ലാബോറട്ടറീസുമായാണ് വാക്സിൻ പരീക്ഷണത്തിന്റേയും വിതരണത്തിന്റേയും കരാർ. 100 ദശലക്ഷം ഡോസ് വാക്സിൻ ഡോ. റെഡ്ഡീസ് ലബോറട്ടറീസിന് ആർഡിഐഎഫ് നൽകും.
സ്പുട്നിക്-വി അടിയന്തര പ്രതിരോധ മരുന്നായി ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള ലൈസൻസിനായി റഷ്യ ലോകാരോഗ്യ സംഘടനയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ബയോളജിക്കൽ ഇ വാക്സിനും മനുഷ്യരിലെ പരീക്ഷണത്തിനുള്ള ആദ്യഘട്ടങ്ങളിലാണ്. ഇന്ത്യയിൽ അഞ്ചോളം കൊറോണ വാക്സിനുകൾ വികസനഘട്ടത്തിലാണ്. ഇവയിൽ നാലെണ്ണം പരീക്ഷണത്തിന്റെ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണുള്ളത്.