കാബൂൾ: കാബൂളിൽ പതിനാല് ഇടങ്ങളിൽ റോക്കറ്റ് ആക്രമണം. മൂന്ന് പേർ മരിച്ചു. നിരവധിപ്പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാവിലെ ഒന്‍പത് മണിമുതല്‍ എംബസികളിലെയും അന്താരാഷ്ട്ര കമ്പനികളിലെയും ഉദ്യോഗസ്ഥര്‍ താമസിക്കുന്ന വിവിധയിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. അഫ്ഗാന് തലസ്ഥാനത്തെ അടിച്ചമര്‍ത്താനുള്ള ആക്രമണമാണ് നടന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരേയും ആരും ഏറ്റെടുത്തിട്ടില്ല. നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. മെഡിക്കൽ കോംപ്ലക്സുകളും അന്താരാഷ്ട്ര കമ്പനികളും ഉൾപ്പെടെ നിരവധി കെട്ടിങ്ങളും അക്രമത്തിൽ തകർന്നിട്ടുണ്ട്.
അതേസമയം, കൃത്യമായ മരണസംഖ്യ പുറത്തുവന്നിട്ടില്ല. ആരോഗ്യ മന്ത്രാലയ വക്താവ് മസൂമ ജഫാരി പുറത്തുവിട്ടത് അഞ്ച് മരണമാണ്. 21 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പറയുന്നു. സംഭവ സ്ഥലത്തെ ഫോട്ടോകള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ കെട്ടിടങ്ങളുടെ മതിലുകളും ജനലുകളും തകര്‍ന്നതായി നിലയിലാണ്. താലിബാന് സ്ഫോടന ഉത്തരവാദിത്വം നിഷേധിക്കുകയാണുണ്ടായത്.
അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള സമാധാന ചർച്ചകൾ മൂന്നു മാസമായി ഖത്തറിൽ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ചർച്ചകളിൽ ഇതുവരെ കാര്യമായ പുരോഗതിയുള്ളതായി റിപ്പോർട്ടില്ല. എന്നാൽ റോക്കറ്റ് ആക്രമണങ്ങളിൽ പങ്കില്ലെന്നാണ് താലിബാൻ നിലപാട്.
ഖത്തറിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ താലിബാൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്താനിരിക്കെയാണ് കാബൂളിൽ സ്ഫോടന പരമ്പര നടന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ താലിബാൻ അഫ്ഗാനിസ്താനിൽ 53 ചാവേർ ആക്രമണങ്ങളാണ് നടത്തിയത്.