ന്യൂഡെൽഹി: ഇന്ത്യയുടെ തദ്ദേശീയ കൊറോണ വാക്‌സിനായ കൊവാക്‌സിൻ ഹരിയാന ആഭ്യന്തര, ആരോഗ്യ മന്ത്രി അനിൽ വിജ് സ്വീകരിച്ചു. കൊവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടക്കുന്നതിന്റെ ഭാഗമായി ആദ്യ ഡോസ് തനിക്ക് സ്വീകരിക്കണമെന്ന് മന്ത്രി നേരത്തെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് താൻ നാളെ വാക്‌സിൻ പരീക്ഷണത്തിന് വാക്‌സിൻ സ്വീകരിക്കുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ മന്ത്രി ഇന്ന് അറിയിക്കുകയായിരുന്നു.
ഹരിയാന അംബാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് വാക്‌സിൻ പരീക്ഷിക്കാൻ മന്ത്രി എത്തിയത്. ആദ്യ ഡോസ് നൽകി 28 ദിവസം നിരീക്ഷിച്ച ശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക.
കേന്ദ്ര സർക്കാർ സഹകരണത്തോടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്നാണ് ഭാരത് ബയോടെക് കൊവാക്‌സിൻ വികസിപ്പിക്കുന്നത്. ഇന്ത്യയുടെ വാക്‌സിനുകളിൽ മൂന്നാംഘട്ട പരീക്ഷണം നടക്കുന്നത് കൊവാക്‌സിൻ മാത്രമാണ്.
വാക്‌സിന്റെ ഒന്നും, രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയമായിരുന്നു. ഫലപ്രാപ്തി100 ശതമാനം ഉറപ്പിക്കുകയാണ് മൂന്നാം ഘട്ട പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. സുരക്ഷയും, ഗുണമേന്മയുമാണ് മൂന്നാം ഘട്ടത്തിൽ പ്രധാനമായും വിലയിരുത്തുക. പരീക്ഷണം വിജയകരമായി പൂർത്തിയാകുന്ന പക്ഷം വാക്‌സിൻ ഉടൻ തന്നെ വിപണിയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക് അറിയിച്ചു.
ജൂലൈ മാസത്തോടെ 20-25 ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സൗജന്യമായാണ് വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്‌സിനും ഏതാണ്ട് മൂന്നാമത് പരീക്ഷണഘട്ടം പൂർത്തിയാക്കാറായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഡോ.റെഡ്‌ഡീസ് ലബോറട്ടറിയിൽ വൈകാതെ ആരംഭിക്കും. ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കൊവിഡ് വാക്‌സിനും ഒന്ന്, രണ്ട് ഘട്ട പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്.