വാഷിംഗ്ടണ്‍: പൂർണമായും ഫലപ്രദമെന്ന് തെളിഞ്ഞാൽ ബയോ ടെക്-ഫൈസര്‍ വാക്‌സിനുകള്‍ ഈ വര്‍ഷം ക്രിസ്തുമസ് വേളയില്‍ തന്നെ വിതരണം ചെയ്യാനാകുമെന്ന് ലോകാരോഗ്യ സംഘടന. ഡിസംബര്‍ രണ്ടാം പകുതിയോടെ യുഎസ് എഫ്ഡിഎയില്‍ നിന്ന് അംഗീകാരം ലഭിച്ചാല്‍ ക്രിസ്തുമസിന് മുന്‍പ് മരുന്ന് വിതരണം ചെയ്യാം. പക്ഷെ, എല്ലാം ക്രിയാത്മകമായി നടക്കണമെന്ന് ബയോ-ടെക് ചീഫ് ഉഗര്‍ സഹിന്‍ പറയുന്നു.
വാക്‌സിന്‍ പരീക്ഷണങ്ങള്‍ 95 ശതമാനം ഫലപ്രാപ്തി കണ്ടുവെന്ന് കഴിഞ്ഞദിവസം ബയോ-ടെക് പുറത്തുവിട്ടിരുന്നു. അതേസമയം, വാക്‌സിനുകള്‍ ഇല്ലാതെ വൈറസിനെതിരെ പോരാടണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.
65 വയസിന് മുകളിലുളളവരില്‍ നടത്തിയ പരീക്ഷണമാണ് ഫലപ്രാപ്തിയിലെത്തിയതെന്നും, കൊറോണ ഏറ്റവുമധികം ബാധിക്കുന്നത് പ്രായമായവരില്‍ ആയതിനാല്‍ അവര്‍ക്ക് വാക്സിന്‍ ആദ്യം ലഭ്യമാക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും ഫൈസര്‍ വ്യക്തമാക്കി.
43000ത്തിലധികം പേരിലാണ് ഫൈസര്‍ കൊറോണ വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ 95ശതമാനം പേരിലും ആന്റിബോഡി കണ്ടെത്തി. നിര്‍മാണത്തിന് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ 50മില്യണ്‍ ഡോസുകളായിരിക്കും ഫൈസര്‍ നിര്‍മിക്കുക. അടുത്തവര്‍ഷം ഇത് 1.5 ബില്യണ്‍ ഡോസുകളായി വര്‍ധിപ്പിക്കും. ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെകുമായാണ് ഫൈസറിന്റെ കൊറോണ വാക്സിന്‍ ഗവേഷണം.