വീണ്ടുമൊരു ലോക്ഡൗണിലേക്കോ?; ഡെൽഹിയിൽ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം; കടുത്ത നിയന്ത്രണങ്ങൾ

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനം വീണ്ടുമൊരു ലോക്ഡൗണിലേക്ക് നീങ്ങുന്നു. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡെല്‍ഹി മാര്‍ക്കറ്റുകളില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിര്‍ദ്ദേശം. താല്‍ക്കാലികമായി വിവാഹങ്ങള്‍ക്ക് നിയന്ത്രണമിടാനും നിര്‍ദ്ദേശമുണ്ട്. വിവാഹങ്ങളില്‍ 200 പേര്‍ക്ക് പങ്കെടുക്കാമെന്നുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചു.

വിവാഹങ്ങള്‍ക്ക് ഇനിമുതല്‍ 50 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. കഴിഞ്ഞ മാസങ്ങളില്‍ ഡെല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറഞ്ഞപ്പോഴാണ് വിവാഹങ്ങളില്‍ 200 പേര്‍ക്ക് പങ്കെടുക്കാമെന്നുള്ള അനുവാദം നല്‍കിയത്. ഇപ്പോള്‍ ഇത് പിന്‍വലിക്കുന്നു, 50 പേരെ മാത്രമേ അനുവദിക്കൂ എന്നുള്ള ആവശ്യമറിയിച്ച് എല്‍ജിക്ക് കത്തയച്ചിട്ടുണ്ടെന്നും, അംഗീകാരത്തിനായി കാത്തിരിക്കുന്നുവെന്നും കെജ്രിവാള്‍ അറിയിച്ചു.

കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മാര്‍ക്കറ്റുകള്‍ സീല്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുന്ന മാര്‍ക്കാറ്റുകള്‍ കുറച്ച് ദിവസത്തേക്ക് അടച്ചുപൂട്ടാനാണ് തീരുമാനം.

ഡെല്‍ഹി ആശുപത്രികളില്‍ മതിയായ ഐസിയു കിടക്കകള്‍ ലഭ്യമല്ല. എന്നാല്‍, ആവശ്യമുള്ള ഐസിയു കിടക്കകള്‍ നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.