ഡെൽഹിയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്താന്‍ ഐസിഎംആറിനും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം

ന്യൂഡെൽഹി: കൊറോണ രൂക്ഷമായ ഡെൽഹിയില്‍ ആര്‍ടിപിസിആര്‍ പരിശോധന ഉയര്‍ത്താന്‍ ഐസിഎംആറിനും ആരോഗ്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് പരിഹരിക്കാന്‍ സിആര്‍പിഎഫ് ഡോക്ടര്‍മാരെ ഡെൽഹിയിലെത്തിക്കുമെന്നും അടിയന്തര അവലോകന യോഗത്തിന് ശേഷം അമിത് ഷാ വ്യക്തമാക്കി.

മൊബൈല്‍ ടെസ്റ്റിങ് വാനുകള്‍ കണ്ടെയിന്‍മെന്‍റ് സോണുകളില്‍ എത്തിച്ചായിരിക്കും കൂടുതല്‍ പരിശോധന നടത്തുക. ആശുപത്രികളുടെ സൗകര്യം വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചു. ഡെൽഹിയില്‍ അഞ്ഞൂറ് ഐസിയു കിടക്കകള്‍ അനുവദിക്കാമെന്ന് കേന്ദ്രം സമ്മതിച്ചതായി യോഗത്തിനുശേഷം അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഗവര്‍ണര്‍ അനില്‍ ബൈജാന്‍, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ആരോഗ്യ മന്ത്രി സത്യേന്ദിര്‍ ജയിന്, ആരോഗ്യ മന്ത്രാലയ പ്രതിനിധികളെന്നിവര്‍ അമിത് ഷാ വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

രാജ്യതലസ്ഥാനത്ത് വീണ്ടും കൊറോൺ വ്യാപനം രൂക്ഷമായതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം വിളിച്ചത്.
ആദ്യഘട്ടം വൈറസ് അനിയന്ത്രിതമായപ്പോൾ അമിത് ഷാ നേരിട്ടെത്തിയാണു കാര്യങ്ങൾ നിയന്ത്രിച്ചത്. നിലവിലെ ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും മറ്റും യോഗത്തിൽ വിലയിരുത്തി.