കൊറോണ മുക്തമായ രാജ്യങ്ങളിലേക്ക് വൈറസ് എത്തുന്നു ; ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: മഹാമാരി പൂര്‍ണമായി മാറിയാലും ആശ്വാസിക്കാന്‍ ആവില്ല. കൊറോണ വൈറസ് മുക്തമായ രാജ്യങ്ങളിലേക്ക് വൈറസ് എത്തിയെന്നുള്ള റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം പസഫിക് ദ്വീപ് രാജ്യമായ വാനുവാട്ടിലും ആദ്യ കൊറോണ കേസ് കണ്ടെത്തി. കൂടാതെ മാര്‍ഷല്‍ ദ്വീപ്, സോളമന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.

കൊറോണ കേസുകള്‍ സ്ഥിരീകരിക്കാത്ത ഒന്‍പത് രാജ്യങ്ങളാണുള്ളത്. എന്നാല്‍ മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ഉത്തരകൊറിയയെയും തുര്‍ക്ക്‌മെനിസ്ഥാനെയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കൊറോണ വൈറസ് തുടങ്ങിയശേഷം പസഫിക് സമുദ്രത്തിലെ വിവിധ ദ്വീപു രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. എന്നിട്ടും ഇപ്പോള്‍ ഈ രാജ്യങ്ങളിലും വില്ലനായി കൊറോണ എത്തിയിരിക്കുന്നു. യുഎസില്‍ നിന്ന് മടങ്ങിയെത്തിയ 23കാരനായ യുവാവിന് കൊറോണ പോസിറ്റീവായെന്ന് വാനുവാട്ടു ആരോഗ്യവകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ ആദ്യമാണ് സോളമന്‍ ദ്വീപില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് വൈറസ് കൂടുതല്‍ പേരിലേക്കുമെത്തി. വൈറസ് ദ്വീപിലെ പല ചെറിയ രാജ്യങ്ങളിലേക്കും പടര്‍ന്നാല്‍ അത് നിയന്ത്രിക്കുന്നത് പ്രാദേശിക ഭരണകൂടത്തിന് എളുപ്പമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. വിദഗ്ധ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തത് സ്ഥിതി ഗുരുതരമാക്കും.