അമേരിക്കയിൽ ജോ ബൈഡൻ്റെ മുന്നേറ്റം

വാഷിംഗ്ടൺ: ഇഞ്ചോടിഞ്ചു പോരാട്ടത്തിനും നാടകീയതകൾക്കുമൊടുവിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡൻ മുന്നിൽ. 538 അംഗ ഇലക്ടറൽ കോളജിൽ 253 എണ്ണം ഉറപ്പാക്കിയ ബൈഡൻ നിലവിലെ ലീഡ് തുടർന്നാൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 നേടുമെന്ന നിലയിലാണു മുന്നേറ്റം.

6 ഇലക്ടറൽ കോളജ് അംഗങ്ങളുള്ള നെവാഡയിൽ ബൈഡനു മേൽക്കൈ ഉണ്ടെങ്കിലും വോട്ടെണ്ണൽ ഇന്നു മാത്രമേ പുനരാരംഭിക്കൂ. ഇതുകൂടി ലഭിച്ചാൽ, ജോ ബൈഡനു പ്രസിഡന്റാകാം. ഒപ്പം ഇന്ത്യൻ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായി ചരിത്രമെഴുതും.

നിലവിലുള്ള പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് 214 ഇലക്ടറൽ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. പെൻസിൽവേനിയ (20 ഇലക്ടറൽ കോളജ് സീറ്റുകൾ), ജോർജിയ (16), നോർത്ത് കാരലൈന (15) എന്നിവിടങ്ങളിൽ മുന്നിലാണ്. അലാസ്ക (3) ഉറപ്പുമാണ്. പക്ഷേ, ഇവയെല്ലാം ചേർന്നാലും കേവലഭൂരിപക്ഷത്തിനുവേണ്ട 270 തികയില്ല. ബൈഡൻ സ്വന്തമാക്കിയ വിസ്കോൻസെനിൽ (10) ട്രംപ്‌ പക്ഷം വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ്.

നേരത്തേ മികച്ച ഭൂരിപക്ഷമുണ്ടായിരുന്ന പെൻസിൽവേനിയയിലും ജോർജിയയിലും ട്രംപിന്റെ ലീഡ് കുറയുന്നുമുണ്ട്. വോട്ടെടുപ്പിൽ ക്രമക്കേട് നടന്നതായും സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു. വോട്ടെണ്ണാൻ തുടങ്ങിയപ്പോൾ ബൈഡന്റെ മുന്നേറ്റമാണു കണ്ടത്. പിന്നാലെ ട്രംപ് കുതിച്ചുകയറി.

29 ഇലക്ടറൽ വോട്ടുകളുള്ള നിർണായക സംസ്ഥാനമായ ഫ്ലോറിഡ ട്രംപിനൊപ്പം നിന്നു. ടെക്സസും ഒഹായോയും പിടിച്ചതോടെ ട്രംപ് 2016 ലെ വിജയം ആവർത്തിക്കുമെന്ന പ്രതീതിയായി. എന്നാൽ, മിഷിഗനിലും വിസ്‌കോൻസെനിലും ബൈഡന് അപ്രതീക്ഷിത മുന്നേറ്റമാണു ലഭിച്ചത്.

ട്രംപ് – ബൈഡൻ പോരാട്ടം
നിർണായകമായ 6 സംസ്ഥാനങ്ങൾ

ഫ്ലോറിഡ ജയിക്കുന്നയാൾ വൈറ്റ്ഹൗസിലെത്തും എന്നതാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ചരിത്രം. ഒരിക്കൽമാത്രമേ (1992) ഇത് മാറിയിട്ടുള്ളൂ. ഏറ്റവും നിർണായകമായ ഈ ചാഞ്ചാട്ട സംസ്ഥാനത്ത് ഉജ്വല വിജയം നേടിയ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തവണ ഒഹായോ, ടെക്സസ് തുടങ്ങിയവയും എളുപ്പത്തിൽ സ്വന്തമാക്കി. എന്നാൽ, കടുത്ത മത്സരം നേരിട്ടത് മറ്റ് 6 സംസ്ഥാനങ്ങളിൽ. മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ, നെവാഡ, ജോർജിയ, നോർത്ത് കാരലൈന എന്നിവയാണത്.

മിഷിഗനിൽ ഏറെനേരം മുന്നിലായിരുന്ന ട്രംപ് അവസാനഘട്ടത്തിലാണ് പിന്നിലേക്കു പോയത്. പെൻസിൽവേനിയയിലാകട്ടെ, ആദ്യം നേടിയ വൻ ഭൂരിപക്ഷം ക്രമേണ കുറഞ്ഞു. തപാൽ–മുൻകൂർ വോട്ടുകളെണ്ണാൻ ശേഷിക്കുന്ന നെവാഡയിൽ വോട്ടെണ്ണൽ നിയമപ്രകാരം ഇന്നു മുതലേ പുനരാരംഭിക്കൂ. നെവാഡയിൽ കൂടി വിജയം ഉറപ്പിക്കുകയും നിലവിൽ ലീഡുള്ള മിഷിഗനിൽ വിജയിക്കുകയും ചെയ്താൽ ബൈഡനു പ്രസിഡന്റ് പദം ഉറപ്പിക്കാം.