വിജയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ് ; ഫലം അട്ടിമറിക്കാൻ ശ്രമം; കോടതിയെ സമീപിക്കാനൊരുങ്ങി ട്രംപ്

വാഷിങ്ടൺ: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡോണാൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റുകളടക്കം എണ്ണി തീരേണ്ടതുണ്ടെങ്കിലും വിജയം ഉറപ്പായെന്ന് ട്രംപ് പറഞ്ഞു. പുലർച്ചെ നാലുമണിക്ക് ശേഷമുളള ബാലറ്റുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു. ‘ഞങ്ങൾ വിജയത്തിലേക്ക് എത്തിയതായിരുന്നു. ഞങ്ങൾ ഇതിനകം വിജയിച്ചുകഴിഞ്ഞു.’ പുലർച്ചെ 2.30 ന് വൈറ്റ്ഹൈസിൽ നടത്തിയ അത്യസാധാരണമായ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

‘നിരവധി സംസ്ഥാനങ്ങളിൽ ഞങ്ങൾ വിജയിച്ചുകഴിഞ്ഞു. ഞങ്ങൾ അത് പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോഴാണ് ചിലർ തട്ടിപ്പുമായി രംഗത്ത് വന്നത്. അമേരിക്കൻ ജനതയെ കബളിപ്പിക്കൽ. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.’ തപാൽ വോട്ടുകളെ പരാമർശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു.

അതുകൊണ്ട് ഞങ്ങൾ യുഎസ് സുപ്രീംകോടതിയെ സമീപിക്കും. നാലുമണിക്ക് കുറേ വോട്ടുകൾ നിഗൂഢമായി കണ്ടെത്തിയിട്ടില്ലെന്നും അവ എണ്ണപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. ഇത് അമേരിക്കയ്ക്കും അമേരിക്കക്കാർക്കും നാണക്കേടാണ്. മനോഹരമായ ഒരു വിജയം ആഘോഷിക്കാൻ റിപ്പബ്ലിക്കൻമാർ തയ്യാറെടുക്കുമ്പോഴാണ് പെട്ടന്ന് ഇപ്രകാരം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലങ്ങൾ അസാധാരണമാണ്. ഞങ്ങൾ തീർച്ചയായും വിജയിക്കാൻ പോവുകയാണ്. ഇപ്പോഴും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ ഞങ്ങൾ വളരെ മുന്നിലാണ്. അവർക്ക് ഒരിക്കലും ഞങ്ങൾക്കൊപ്പമെത്താനാകില്ല. തനിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നെന്നും പിന്തുണച്ചവർക്ക് നന്ദിയുണ്ടെന്നും പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.

പെൻസിൽവാനിയ, വിസ്കോൺസിൻ, മിഷിഗൺ, ജോർജിയ എന്നിവിടങ്ങളിൽ ഇപ്പോഴും ഫലം വ്യക്തമായിട്ടില്ല. അതേസമയം സുപ്രധാനമായ ഫ്ളോറിഡ, ഒഹിയോ,ടെക്സാസ് എന്നിവിടങ്ങളിൽ ട്രംപ് വിജയിച്ചു. അതേസമയം അരിസോണ, വിർജിനിയ, ന്യൂ ഹാംപ്ഷെയർ എന്നിവിടങ്ങളിൽ ബൈഡനും.

വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയത്.