അന്നും ഇന്നും ഇത് ഗ്രീൻ സോൺ; ലോകത്ത് കൊറോണയില്ലാത്ത ഏക സ്ഥലം; മഹാമാരിയെ അതിജീവിച്ച് ഒരു ജനത

ഇന്ത്യയിൽ ആദ്യ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചിട്ട് ഒമ്പതുമാസം കഴിഞ്ഞു. ജനുവരി 30നാണ് ലോകത്തെ വൈറസ് വ്യാപനത്തിൻ്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്ക് തൃശ്ശൂരിൽ നടത്തിയ പരിശോധനയിൽ രോഗം കണ്ടെത്തിയത്. പിന്നീട് ഇന്ത്യയൊട്ടാകെ മാർച്ചിൽ രോഗം പടർന്നപ്പോഴും പിടിച്ചുനിന്നൊരു നാടുണ്ട് – ലക്ഷദ്വീപ്. രാജ്യത്തെ ഏക ഗ്രീൻ സോണും ഈ കേന്ദ്രഭരണ പ്രദേശമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കൊറോണ കേസ് പട്ടികയിൽ ഉൾപ്പെടാത്ത ഇന്ത്യയിലെ ഒരേയൊരു പ്രദേശം കൂടിയാണ് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ്. അറബിക്കടലിൽ ചെറുദ്വീപുകൾ അടങ്ങുന്ന ഈ പ്രദേശം മഹാമാരിയെ പടിക്കു പുറത്തുനിർത്തിയത്ശക്തമായ പ്രതിരോധ സംവിധാനമൊരുക്കിയാണ്.

പ്രദേശത്ത് ഇതുവരെ 61 പേർക്ക് കോറോണ പരിശോധന നടത്തി. എല്ലാവർക്കും നെഗറ്റിവായിരുന്നുവെന്ന് ലക്ഷദ്വീപ് ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറയുന്നു. കൊച്ചിയിലായിരുന്നു പരിശോധന. കർശന നിയന്ത്രണങ്ങളും നീണ്ട ക്വാറന്റീൻ കാലഘട്ടവും സമഗ്രമായ കോറോണ പരിശോധനയുമാണ് വൈറസിനെ ചെറുത്തു തോൽപിക്കാൻ ലക്ഷദ്വീപിനെ സഹായിച്ചത്. കൊറോണ ലക്ഷദ്വീപിൽ കടന്നുകൂടിയാൽ, അപര്യാപ്തമായ ആരോഗ്യ സംവിധാനം പൂർണമായും തകരുമെന്ന തിരിച്ചറിവാണ് ശക്തമായ പ്രതിരോധ നടപടികൾക്കു പ്രേരണയായതെന്നു സുന്ദരവടിവേലു പറയുന്നു. പ്രവേശന നിയന്ത്രണ സംവിധാനത്തിലൂടെ ആളുകൾ ലക്ഷദ്വീപിലേക്ക് വരുന്നത് തടയുകയായിരുന്നു ഏറ്റവും പ്രധാനം.

സെപ്റ്റംബർ 21 മുതൽ ലക്ഷദ്വീപിൽ സ്കൂളുകൾ വീണ്ടും തുറന്നു. സ്കൂളുകൾ തുറക്കാൻ അനുവദിക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടം നേരത്തേ കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങൾ ഇപ്പോഴും സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ എതിർക്കുമ്പോഴായിരുന്നു ഇത്.

പ്രതിരോധ മാർഗ്ഗങ്ങൾ

പകർച്ചവ്യാധിയുടെ തുടക്കത്തിൽത്തന്നെ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരുന്നു. ലക്ഷദ്വീപിലേക്കു പ്രവേശിക്കാൻ ലക്ഷദ്വീപ് ഭരണകൂടം നൽകിയ എൻട്രി പെർമിറ്റ് ആവശ്യമാണ്. യാത്രക്കാർക്ക് കർശന പരിശോധനയും നടത്താൻ തുടങ്ങി. അതേസമയം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ആഭ്യന്തര യാത്രക്കാർക്കായി പരിശോധന ആരംഭിച്ചത് വളരെ പിന്നീടാണ്. ‘ഇപ്പോൾ പോലും കുറച്ചു സംസ്ഥാനങ്ങൾ മാത്രമാണ് പ്രീ-ബോർഡിങ് പരിശോധന നടത്തുന്നത്. എന്നാൽ ഞങ്ങൾ വളരെ മുൻപേ കൊച്ചി വിമാനത്താവളത്തിൽ പ്രീ-ബോർഡിങ് പരിശോധന ആരംഭിച്ചു’– ആരോഗ്യ സെക്രട്ടറി ഡോ. എസ്. സുന്ദരവടിവേലു പറഞ്ഞു.

കൊച്ചിയിൽ കപ്പൽ യാത്രക്കാരുടെ പ്രീ-ബോർഡിങ് പരിശോധന ഫെബ്രുവരി ഒന്നിനും വിമാന യാത്രക്കാരുടെ പരിശോധന ഒൻപതിനും ആരംഭിച്ചിരുന്നു. ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിൽ യാത്രക്കാർക്ക് ഫെബ്രുവരി ഒന്നിനു പരിശോധന ആരംഭിച്ചിരുന്നു. ലക്ഷദ്വീപിലേക്ക് വരുന്നവർ ഏഴു ദിവസം ക്വാറന്റീനിൽ കഴിയണം. അതിനായി രണ്ടു ഹോട്ടലുകളും കൊച്ചിയിൽ എടുത്തിട്ടുണ്ട്. അതിനുശേഷം കൊറോണ പരിശോധനയുണ്ട്. അഗത്തി വിമാനത്താവളത്തിലെത്തിയതിനു ശേഷം ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീൻ ഉണ്ട്.

ആരോഗ്യ സേവനങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കും പരീക്ഷ എഴുതാൻ പോലും ഞങ്ങൾ കൊച്ചിയിലേക്കു പോകുന്നു. അതുകൊണ്ട് വിമാന–കപ്പൽ യാത്രക്കാർക്ക് പ്രീ-ബോർഡിങ് പരിശോധന നടത്തേണ്ടത് നിർണായകമാണ്. കൊച്ചിയിലെ രണ്ടു ഹോട്ടലുകളിൽ ക്വാറന്റീനിൽ കഴിയുന്നവരുടെ ചെലവ് ലക്ഷദ്വീപ് ഭരണകൂടമാണ് വഹിക്കുക. അവർ ഞങ്ങളുടെ നിരീക്ഷണത്തിലായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു– ഡോ. സുന്ദരവടിവേലു പറഞ്ഞു.

കൊച്ചിയിൽ പ്രീ-ബോർഡിങ് പരിശോധന നടത്തിയതിൽ രണ്ടുപേർക്ക് മാത്രമാണ് കോറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. നേരത്തേ ആർ‌ടി-പി‌സി‌ആർ പരിശോധനയാണ് നടത്തിയിരുന്നത്. ഇപ്പോൾ ട്രൂനാറ്റ് പരിശോധന നടത്തുന്നു.

ലക്ഷദ്വീപിന്റെ മൂന്ന് ആശുപ്ത്രികൾ

ലക്ഷദ്വീപിൽ വെറും മൂന്ന് ആശുപത്രികളേയുള്ളൂ – ഇന്ദിരാഗാന്ധി (ഐജി) ആശുപത്രി, കവരത്തിയിലെ രാജിവ് ഗാന്ധി സ്പെഷാലിറ്റി ആശുപത്രി, മിനിക്കോയിയിലെ സർക്കാർ ആശുപത്രി. ഐ‌ജി ആശുപത്രിയിലും മിനിക്കോയി സർക്കാർ ആശുപത്രിയിലും ആകെ 70 കിടക്കകളുണ്ട്. കോറോണ രോഗികൾക്കായി ഐ‌ജി ആശുപത്രിയിൽ 30 കിടക്കകളുള്ള ഒരു പുതിയ ബ്ലോക്ക് നീക്കിവച്ചിട്ടുണ്ടെങ്കിലും അത് ജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടില്ല. രാജിവ് ഗാന്ധി സ്പെഷാലിറ്റി ആശുപത്രി കേന്ദ്ര സർക്കാരിന്റേതാണ്. അവിടെ 100 കിടക്കകളുണ്ട്.

ആൻഡ്രോത്ത്, അമിനി, അഗത്തി എന്നീ മൂന്ന് ദ്വീപുകളിൽ 30 കിടക്കകളുള്ള മൂന്ന് കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുണ്ട്; കദ്മത്ത്, കൽപേനി, കിൽത്താൻ, ചെത്‌ലാറ്റ് എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതമുള്ള നാലു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും. ലക്ഷദ്വീപിൽ മെഡിക്കൽ കോളജുകളോ സ്വകാര്യ ആശുപത്രികളോ ഇല്ല.

‘ഞങ്ങളുടെ ആരോഗ്യ സംവിധാനം പഴുതുകളുള്ളതാണെന്ന് അറിയാം. അതിനാൽ ഞങ്ങൾ നേരത്തേ നടപടികൾ ആരംഭിച്ചു. രോഗം പ്രവേശിച്ചുകഴിഞ്ഞാൽ അത് എളുപ്പം പടർന്നുപിടിക്കും’– ഡോ. സുന്ദരവടിവേലു കൂട്ടിച്ചേർത്തു.

2011ലെ സെൻസസ് അനുസരിച്ച് 64,429 ആണ് ലക്ഷദ്വീപിലെ ജനസംഖ്യ. 36 ദ്വീപുകളുള്ള ലക്ഷദ്വീപിന്റെ ആകെ വിസ്തീർണം 32 ചതുരശ്ര കിലോമീറ്റർ. 36 ദ്വീപുകളിൽ 10 എണ്ണത്തിൽ മാത്രമേ ജനവാസമുള്ളൂ. കൊച്ചിയിൽ നിന്ന് 220 മുതൽ 440 വരെ കിലോമീറ്റർ അകലെയാണ് ദ്വീപുകൾ. അവശ്യസാധനങ്ങൾ മുതൽ ആരോഗ്യ സേവനം വരെ എല്ലാത്തിനും ലക്ഷദ്വീപ് ആശ്രയിക്കുന്നത് കൊച്ചിയെയാണ്. കൊച്ചിയിൽ നിന്നുള്ള വിമാനങ്ങൾക്ക് പുറമെ, എംവി കവരത്തി, എംവി അറേബ്യൻ സീ, എംവി ലക്ഷദ്വീപ് സീ, എംവി ലഗൂൺ, എംവി കോറൽസ്, എംവി അമീന്ദിവി, എംവി മിനിക്കോയ് എന്നീ ഏഴ് യാത്രാ കപ്പലുകളും കൊച്ചിയിൽനിന്നു സർവീസ് നടത്തുന്നു.