കൊറോണ പ്രതിരോധ വാക്സിൻ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യവാരമോ ലഭ്യമാകും : അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷിതവും ഫലപ്രദവുമായ കൊറോണ പ്രതിരോധ വാക്സിന്‍ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യവാരമോ പുറത്തിറക്കുമെന്ന് യു.എസ് വെെറോളജി വിദഗ്ദ്ധന്‍ ഡോ. ആന്റണി ഫയുസി പറഞ്ഞു. കൊറോണ വാക്സിനുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് ലെെവ് സംവാദത്തിനിടെയാണ് ഫയുസി ഇക്കാര്യം വ്യക്തമാക്കിയത്.

“എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ , കൊറോണ പ്രതിരോധ വാക്സിന്റെ ആദ്യ ഡോസുകള്‍ ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ അമേരിക്കയിലെ ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള ചില രോഗികള്‍ക്ക് ലഭ്യമാക്കും.” ആന്റണി ഫയുസി പറഞ്ഞു. വാക്സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട ചില ട്രയല്‍ പരീക്ഷണങ്ങളുടെ ഫലം അടുത്ത ആഴ്ചകളില്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാക്സിന്‍ ലഭ്യമാക്കിയാലും 2021 അവസാനം വരെ ജീവിതം സാധാരണ നിലയിലേക്ക് വരില്ലെന്നും ഫയുസി പറഞ്ഞു. വാക്സിന്‍ നിര്‍മാണ കമ്പനിയായ മോഡേണ അടുത്ത മാസം അവസാനഘട്ട ട്രയല്‍ പരീക്ഷണം നടത്തുമെന്ന് വ്യക്തമാക്കി. വാക്സിന്റെ ആദ്യ ഡേറ്റ ഒക്ടോബറില്‍ പുറത്തിറക്കാനാകുമെന്ന് ഫൈസര്‍ പ്രതീക്ഷിച്ചിരുന്നു.

നിലവിലെ സാഹചര്യത്തില്‍ നവംബര്‍ മൂന്നിന് അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇതിന് സാദ്ധ്യതയുള്ളു. യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും വാക്സിന്‍ ഡാറ്റ അവലോകനം ചെയ്യേണ്ടതുണ്ട്. ശേഷം അനുമതി ലഭിച്ചാല്‍ മാത്രമെ വാക്സിന്‍ വിതരണം സാദ്ധ്യമാവുകയുള്ളു