കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ഐഎസ് ചാവേറാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു.70ലധികം പേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ 37 പേരെ കാബൂളിലെ ജിന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അഫ്ഗാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കാബൂളിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപം ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന് ഇരയായവരിൽ വിദ്യാർഥികളും ഉൾപ്പെടുന്നു.
ഉന്നതവിദ്യാഭ്യാസ പരിശീലനങ്ങൾ നൽകുന്ന പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചാവേർ അതിക്രമിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞു. തുടർന്നാണ് സ്ഫോടനം സംഭവിച്ചതെന്ന് സർക്കാർ വക്താവ് അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ ഐഎസ് രംഗത്തെത്തി. ജനക്കൂട്ടത്തിനിടയിലേക്ക് കടന്ന് ചാവേർ സ്ഫോടനം നടത്തുകയായിരുന്നെന്ന് സാമൂഹ്യമാധ്യമത്തിലൂടെ ഐഎസ് അവകാശപ്പെട്ടു.സംഭവുമായി യാതൊരു ബന്ധവുമില്ലെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.