പാകിസ്ഥാൻ ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ ‘ഗ്രേ പട്ടിക ‘യിൽ തുടരും

ഇസ്ലാമാബാദ്: ഭീകരതയ്ക്ക് വേരുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ തുടരും. പാരീസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഭീകരവിരുദ്ധ നിരീക്ഷണ സമിതിയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സി (എഫ്എടിഎഫ്) ന്റേതാണ് തീരുമാനം. ഗ്രേ പട്ടികയിൽ തുടരുന്നത് പാകിസ്ഥാന് ആഗോള സാമ്പത്തിക സഹായങ്ങൾ കിട്ടാൻ തടസ്സമാണ്.

ഇനി 2021 ഫെബ്രുവരിയിൽ മാത്രമേ പട്ടിക പുനഃപരിശോധിക്കൂ. ഭീകരതക്കെതിരായ നടപടികൾ 2021 ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കണമെന്നും എഫ്എടിഎഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇമ്രാൻ ഖാൻ സർക്കാരിന് കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. പാകിസ്ഥാൻ ഇപ്പോഴും ഭീകരതയുടെ താവളമാണെന്ന് ഇന്ത്യ എഫ്എടിഎഫിൽ ചൂണ്ടിക്കാണിച്ചിരുന്നു.

പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്ഥാൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്നു ദിവസമായി നടന്ന എഫ്എടിഎഫ് വെർച്വൽ പ്ലീനറി സെഷൻ പാക് ആവശ്യം തള്ളി. ഭീകരതയ്ക്കെതിരായ കർമപദ്ധതി പൂർണ്ണമാക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ലെന്ന് എഫ്എടിഎഫ് വിലയിരുത്തി. ഭീകരതയുടെ പണ സ്രോതസ്സുകൾ തടയാനായി പ്രവർത്തിക്കുന്ന എഫ്എടിഎഫിന്റെ ഗ്രേ പട്ടികയിൽ 2018 മുതൽ പാകിസ്ഥാൻ ഉണ്ട്.