അമേരിക്കയിൽ ട്രംപിൻ്റെ മുന്നേറ്റം തുടങ്ങി; ജോ ബൈഡന്റെ ലീഡ് കുറയുന്നു; പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച

വാഷിംഗ്ടണ്‍: അമേരിക്കയിൽ ചിത്രം മാറി മറിയുമെന്ന് റിപ്പോർട്ട്. ഒടുവിൽ ഡൊണാൾഡ് ട്രംപ് തന്നെ മുന്നിലെത്തുമെന്ന് വ്യക്തമായ സൂചന. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ ലീഡ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചില്ലെങ്കില്‍ ട്രംപിന് ജയിക്കാവുന്ന അവസ്ഥയാണ് ഉളളതെന്ന് ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്‍ ഒ മെല്ലി ധില്ലന്‍ തുറന്ന് സമ്മതിക്കുന്നു.

പതിനാല് സംസ്ഥാനങ്ങളില്‍ ബൈഡന്റെ ലീഡ് കുറഞ്ഞതാണ് പാര്‍ട്ടിയെ അസ്വസ്ഥപ്പെടുത്തുന്നത്. ‘അലസമനോഭാവം വെടിഞ്ഞ് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണിത്.പോരാട്ടം അവസാന ഘട്ടം വരെ ശക്തമായിരിക്കും’, ധില്ലന്‍ പറഞ്ഞു.

ജോ ബൈഡൻ്റെ കഴിവില്ലായ്മ ആദ്യം മുതൽ ചർച്ചാ വിഷയമായിരുന്നെങ്കിലും കറുത്ത വംശജനായ ജോർജ് ഫ്ലോയിഡിൻ്റെ നരഹത്യ കറുത്ത വർഗക്കാരുടെ വോട്ടുകൾ ഡെമോക്രാറ്റുകളെ തുണയ്ക്കുമെന്ന് കരുതിയിരുന്നു. വൈസ് പ്രസിഡൻ്റ് സ്ഥാനാർഥി കമലാ ഹാരിസിൻ്റെ സ്ഥാനാർഥിത്വം ഡെമോക്രാറ്റുകൾക്ക് ഈ നീക്കത്തിൽ ശക്തി പകർന്നിരുന്നു. ഇപ്പോഴിതെല്ലാം കീഴ്മേൽ മറിഞ്ഞു തുടങ്ങി.

അമേരിക്കൻ സമ്പദ് വ്യവസ്ഥ ട്രംപിൻ്റെ ഭരണത്തിൽ ശക്തി പ്രാപിച്ചത് റിപ്പബ്ലിക്കുകൾ പ്രചാരണായുധമാക്കിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾ 80 ശതമാനവും രാജ്യത്ത് തന്നെയാണ് നിർമ്മിക്കുന്നത്. ട്രംപിൻ്റെ ഭരണത്തിന് മുമ്പ് ഇത് വെറും ഇരുപത് ശതമാനമായിരുന്നു. അമേരിക്കൻ കമ്പനികളെ രാജ്യത്തേക്ക് മടക്കി കൊണ്ടുവരാൻ നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നതിൻ്റെ സൂചനയാണിത്. ഇതിൻ്റെ ഗുണം ലഭിച്ച അമേരിക്കക്കാർ ട്രംപിൻ്റെ ആരാധകരാണ്.

ട്രംപിൻ്റെ ചൈനീസ് വിരുദ്ധ പ്രചാരണം ജനസമ്മിതി വർധിപ്പിച്ചിട്ടുണ്ട്. ഭ്രൂണഹത്യ നിരോധനവും വിവാഹമോചന നിയന്ത്രണവും ക്രിസ്ത്യാനികളിൽ സ്വാധീനം ട്രംപിൻ്റെ വർധിപ്പിച്ചിട്ടുണ്ട്. ഒപ്പം തീവ്രവാദത്തിനെതിരായ ശക്തമായ നിലപാടും. കോമളിയെന്ന് വിശേഷിപ്പിക്കപ്പെടുന്നയാളല്ല യഥാർഥ ട്രംപെന്ന് അമേരിക്കക്കാർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

രാജ്യത്തെ ക്രമസമാധാന പാലനം തങ്ങള്‍ക്ക് മാത്രമേ കൈകാര്യം ചെയ്യാന്‍ കഴിയൂ എന്ന നിലയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ വംശീയ വിവേചനത്തിനെതിരെ നടത്തിയ പോരാട്ടങ്ങള്‍ ക്രമസമാധാന നില തകരാറിലാക്കിയെന്നാണ് ഇവരുടെ ആരോപണം. ഇതിന് കാരണക്കാരന്‍ ജോ ബൈഡനാണെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണം.

അതേസമയം കൊറോണ ആണ് ഡെമോക്രാറ്റുകളുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയം. എന്നാൽ ഓരോ പൗരനും ട്രംപ് സർക്കാർ നൽകിയ സഹായധനം ഏറെ ചർച്ചാ വിഷയമാക്കുകയാണ് ഇപ്പോൾ. എല്ലാ അഭിപ്രായ സര്‍വ്വേകളിലും ജോ ബൈഡന്‍ വിജയിക്കുമെന്ന സൂചനകളാണ് നല്‍കുന്നത്. എന്നാല്‍ 2016 ലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ആരും ഇതിനെ മുഖവിലക്കെടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് അമേരിക്കയില്‍നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അവസാന നിമിഷം വരെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലരി ക്ലിന്റണ്‍ വിജയിക്കുമെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം കാര്യങ്ങള്‍ മാറി മറയുകയായിരുന്നു. അന്ന് എന്‍ബിസി ന്യൂസും വാള്‍സ്ട്രീറ്റ് ജേണലും നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ ഹിലരിക്ക് ലഭിച്ചത് 10 ശതമാനം ലീഡ് ആയിരുന്നു. ഇന്ന് ഇതേ സര്‍വ്വേയില്‍ ബൈഡന് 11 ശതമാനത്തിന്റെ ലീഡാണ് പ്രവചിച്ചിരിക്കുന്നത്.
അമേരിക്കയിലെ തെരഞ്ഞെടുപ്പ് രീതി അനുസരിച്ച്‌ ഓരോ സംസ്ഥാനത്തിനുമുള്ള ഇലക്ടറല്‍ വോട്ടുകളാണ് വിജയം നിര്‍ണ്ണയിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ വോട്ട് കൂടുതല്‍ ലഭിച്ചത് ഹിലരി ക്ലിന്റണായിരുന്നു. ഏകദേശം 48 ശതമാനം പോപ്പുലര്‍ വോട്ടാണ് ഹിലരിക്ക് ലഭിച്ചത്.

ട്രംപിന് ലഭിച്ച പോപ്പുലര്‍ വോട്ടുകളുടെ എണ്ണം 46 ശതമാനമായിരുന്നു. എന്നാല്‍ ഇലക്ടറല്‍ വോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് ട്രംപിനായിരുന്നു. 306 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. ഹിലരിക്ക് ലഭിച്ചത് 232 വോട്ട് മാത്രമായിരുന്നു. അമേരിക്കയിൽ വീണ്ടും അട്ടിമറി തന്നെ നടക്കും. അത് ട്രംപിൻ്റെ വിജയമായിരിക്കുമെന്നു വ്യക്തമാകും.