അശ്ലീലവും അസാൻമാർഗികതയും പ്രചരിപ്പിച്ചതിന് ടിക് ടോക്കിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് പാക്കിസ്ഥാൻ. പാക്കിസ്ഥാൻ ടെലികോം അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്.
നിരവധി പരാതികളെ തുടർന്നാണ് അശ്ലീലവും അസാൻമാർഗികവുമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി കാണിച്ച് ടിക് ടോക്കിന്റെ പ്രവർത്തനം ഇൗ മാസം ഒമ്പതിന് പാക്കിസ്ഥാൻ വിലക്കിയത്.

ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്താൻ കൂടി വിലക്കേർപ്പെടുത്തിയത് ടിക് ടോക്കിന് വലിയ തിരിച്ചടിയാണ് നൽകിയത്. തുടർന്ന് വിലക്ക് നീക്കാൻ പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റിയുമായി കമ്പനി നിരന്തരം ചർച്ചകളും നടത്തിവരികയായിരുന്നു.

പാക്കിസ്ഥാനിലെ നിയമമനുസരിച്ച് ആപ്പിന്റെ പ്രവർത്തനം നിയന്ത്രിക്കുമെന്ന് ടിക് ടോക്ക് അധികൃതർ ഉറപ്പ് നൽകിയതായി പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അതോറിറ്റി വ്യക്തമാക്കി. വിലക്ക് പിന്‍വലിച്ചതിന് പിന്നില്‍ ചൈനീസ് സമ്മര്‍ദ്ദമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിലക്ക് നീങ്ങിയതിൽ ടിക് ടോക്ക് അധികൃതരും സന്തുഷ്ടി പ്രകടിപ്പിച്ചു.
പാകിസ്താനിലെ കുടുംബങ്ങളുടെ മാനസീക ഉല്ലാസമാണ് ലക്ഷ്യമെന്നും
ഈ രീതിയിൽ പാക്കിസ്ഥാൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിന് വീണ്ടും വഴിയൊരുക്കുന്നതാണ് തീരുമാനമെന്നും ടിക് ടോക്ക് വക്താവ് പറഞ്ഞു.

ഇന്ത്യയിൽ ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്തിയത് കമ്പനിയുടെ വരുമാനത്തെ സാരമായി ബാധിച്ചിരുന്നു. യു എസിലും ടിക് ടോക്കിന്റെ പ്രവർത്തനം ഇടയ്ക്ക് പ്രതിസന്ധിയിലായിരുന്നു. പാക്കിസ്ഥാനിലെ നിരോധനവും ബൈറ്റ് ഡാന്‍സിന്റെ വരുമാനത്തെ ബാധിക്കുന്ന സ്ഥിതിയായിരുന്നു. 39 ദശലക്ഷം ഡൗണ്‍ലോഡുകളാണ് പാക്കിസ്ഥാനിൽ മാത്രം ടിക് ടോകിന് ഉണ്ടായിരുന്നത്. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്ക്ക് പിറകില്‍ മൂന്നാം സ്ഥാനത്തായിരുന്നു ടിക് ടോക് പാക്കിസ്ഥാനിൽ.