ന്യൂസീലൻഡിൽ ജസിൻഡ ആർഡന് തകർപ്പൻ ജയം

വെല്ലിങ്ടൺ : ന്യൂസീലൻഡിലെ പൊതുതിരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടി വീണ്ടും ജസിൻഡ ആർഡേൺ അധികാരത്തിലേക്ക്. ആകെ രേഖപ്പെടുത്തിയ 87% വോട്ടിൽ ആർഡേന്റെ ലേബർ പാർട്ടിക്ക് 49% പിന്തുണ ലഭിച്ചു.

പ്രതിപക്ഷത്തുള്ള നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിൻഡയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്. 2002 ന് ശേഷമുള്ള നാഷണൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.

കൊറോണ മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയുടെ പുനർനിർമിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്ന് ജസിൻഡ പറഞ്ഞു.

“അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്യാനുണ്ട്,” വിജയമുറപ്പിച്ച ശേഷം ഓക്ലാൻഡിൽ തന്റെ അനുഭാവികളോട് അവർ പറഞ്ഞു. “കൊറോണ പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നമ്മളെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കും’, ജസിൻഡ കൂട്ടിച്ചേർത്തു.

കൊറോണ വ്യാപനത്തെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകമാകമാനം ജസിൻഡയുടെ ഭരണ പാടവത്തെ പ്രശംസിച്ചിരുന്നു. അതേ സമയം ഭരണത്തിലേറുന്നതിനു മുമ്പ് നൽകിയ പല വാഗ്ദാനങ്ങളും ജസീന്ത പാലിച്ചില്ലെന്ന വിമർശനവുമുണ്ട്.