ഹൈദരാബാദ് : ഇന്ത്യ തദ്ദേശീയ വികസിപ്പിക്കുന്ന കൊറോണ വാക്സിനായ കോവക്സിന്റെ മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിനായി വാകിസിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ഇന്ത്യൻ ഡ്രഗ് റെഗുലേറ്ററിയോട് അനുമതി തേടി. വാക്സിന്റെ മനുഷ്യരിലെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അന്തിമഘട്ട പരീക്ഷണത്തിനായി ഭാരത് ബയോടെക് ഒരുങ്ങുന്നത്.
ഒന്നും, രണ്ടും ഘട്ട പരീക്ഷണങ്ങളുടെ റിപ്പോർട്ടുകളും, മൂന്നാം ഘട്ട പരീക്ഷണത്തിനുള്ള പ്രോട്ടോകോളുമായാണ് കൺട്രോളർ ആന്റ് ഓഡിറ്റർ ജനറലിനെ (ഡിസിജി) കമ്പനി സമീപിച്ചിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് ക്ലിനിക്കൽ പരീക്ഷണത്തിനായുള്ള പ്രോട്ടോകോൾ ഡിസിജിയുടെ സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി മുൻപാകെ ഭാരത് ബയോടെക് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചതിനെ തുടർന്ന് കമ്പനി വീണ്ടും പ്രോട്ടോകോൾ സമർപ്പിക്കുകയായിരുന്നു.
ഡ്രഗ് കൺഡ്രോളർ ജനറൽ അനുമതി നൽകുന്ന പക്ഷം ഉടനെ പരീക്ഷണം ആരംഭിക്കാനാണ് ഭാരത് ബയോടെകിന്റെ തീരുമാനം. ഇതിനോടകം തന്നെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾക്കായി കമ്പനി പല സംസ്ഥാനങ്ങളെയും സമീപിച്ചിട്ടുണ്ട്. ഡെൽഹി, ഉത്തർപ്രദേശ്, ബീഹാർ, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെയാണ് ഭാരത് ബയോടെക് സമീപിച്ചിരിക്കുന്നത്.