ലിബിയയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യൻ പൗരന്മാർ സുരക്ഷിതർ; മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജിതം

ന്യൂഡെൽഹി: ലിബിയയിൽ അജ്ഞാതർ തട്ടിക്കൊണ്ട് പോയ ഏഴ് ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രം അറിയിച്ചു. സെപ്തംബര്‍ 14നാണു ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് പേരെ
തട്ടിക്കൊണ്ടുപോയതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ പൗരന്മാരെ രക്ഷിക്കാന്‍ അവിടെയുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്.

നിർമാണ മേഖലയിലും എണ്ണ വിതരണ രംഗത്തും ജോലി ചെന്നുന്നവരാണിവർ. ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോൾ
അഷ്‍വരിഫ് എന്ന സ്ഥലത്ത് വെച്ചാണ് ഇവരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ഇവർ സുരക്ഷിതരാണെന്നും ഇവരുടെ കുടുംബാംഗങ്ങളുമായി നിരന്തരം സർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തട്ടിക്കൊണ്ടുപോയവര്‍ തൊഴിലുടമയെ ബന്ധപ്പെടുകയും ഫോട്ടോകള്‍ അയച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി ടുണീഷ്യയിലെ ഇന്ത്യന്‍ എംബസി ലിബിയന്‍ സര്‍ക്കാര്‍ അധികാരികളെയും സമീപിച്ചിട്ടുണ്ടെന്ന് ശ്രീവാസ്തവ പറഞ്ഞു.