സൈബര്‍ സുരക്ഷ; ഇന്ത്യാ – ജപ്പാൻ സഹകരണ പത്രം ഒപ്പുവെയ്ക്കാന്‍ കേന്ദ്രഅനുമതി

ന്യൂഡെൽഹി: സൈബര്‍ സുരക്ഷാ മേഖലയില്‍ ഇന്ത്യയും ജപ്പാനും തമ്മില്‍ സഹകരണ പത്രം ഒപ്പുവെക്കാന്‍ ഉള്ള ശുപാര്‍ശയ്ക്ക് അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട പരസ്പര താല്പര്യമുള്ള വിവിധ വിഷയങ്ങളിലെ സഹകരണം വർദ്ധിപ്പിക്കാൻ ഈ നീക്കം വഴിതുറക്കും.

സൈബർ മേഖലയിലെ വിഭവശേഷി വർദ്ധിപ്പിക്കുക, ആധുനിക സാങ്കേതിക വിദ്യകളിൽ സഹകരണം ഉറപ്പാക്കുക, സൈബർ സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുക, ഇവയെ പ്രതിരോധിക്കാൻ ഉള്ള നടപടികൾ പങ്കുവയ്ക്കുക, സൈബർ വെല്ലുവിളികളെ മറികടക്കുന്നതിനുള്ള സംയുക്ത സംവിധാനങ്ങൾ വികസിപ്പിക്കുക തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

ഇന്റർനെറ്റ് ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ തുടരാനും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര വേദികളിലെ സഹകരണം വർദ്ധിപ്പിക്കാനും തങ്ങൾ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളും ആവർത്തിച്ച് വ്യക്തമാക്കി.