വാഷിംഗ്ടൺ: ശത്രുക്കളുടെ വായടപ്പിക്കാനും അപവാദ പ്രചാരണത്തിന് തടയിടാനും കൊറോണ ചികിൽസയ്ക്കിടെ യുഎസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ കാർയാത്ര.അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയാണ് ട്രംപ് നടത്തിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. താൻ ആരോഗ്യവാനാണെന്ന് തന്റെ അനുയായികളെ ബോധിപ്പിക്കാനാണു പുറത്തിറങ്ങിയതെന്ന് ട്രംപ് വിശദീകരിച്ചു.
ഞായറാഴ്ച വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽനിന്ന് ബുള്ളറ്റ്പ്രൂഫ് കാറിൽ മാസ്ക് ധരിച്ച് യാത്ര ചെയ്ത ട്രംപ് അനുയായികളെ കൈവീശി കാണിക്കുകയും കുറച്ച് നേരത്തിനു ശേഷം തിരിച്ച് ആശുപത്രിയിൽ കയറുകയും ചെയ്തു. ട്രംപിനൊപ്പം വാഹനത്തിൽ ഉണയിരുന്നവർ പി പി ഇ കിറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ എടുത്തിരുന്നു. കൊറോണ പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
അതേസമയം ക്വാറന്റീൻ ലംഘിച്ച് ട്രംപ് കാർയാത്ര നടത്തിയതായി ആരോപണം ഉയർന്നിട്ടുണ്ട്. ട്രംപിന്റെ രോഗം നിസാരമല്ലെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. ഓക്‌സിജൻ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി ആശുപത്രി വൃത്തങ്ങൾ അറിയിച്ചതായാണ് പ്രചാരണം.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാനാണു ട്രംപ് ശ്രമിച്ചതെന്നാണ് ഉയരുന്ന വിമർശനങ്ങൾ. മരണകാരണമായേക്കാവുന്ന വൈറസ് ബാധിച്ച ആളായതിനാൽ രോഗം മാറുന്നത് വരെ കൊറോണ ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യണമെന്ന ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശമാണ് ട്രംപ് ലംഘിച്ചതെന്നാണ് ആക്ഷേപം.