വാഷിംഗ്ടൺ : വൈറ്റ് ഹൗസിലേക്ക് മാരകവിഷമടങ്ങിയ തപാൽ ഉരുപ്പടികൾ എത്തിയതായി റിപ്പോർട്ടുകൾ. പാഴ്സലുകൾ കാനഡയിൽ നിന്ന് അയച്ചതാണെന്നാണ് കരുതുന്നത്. ഇതിൽ റസിനെന്ന മാരകവിഷാംശമുള്ള വസ്തുവാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. യുഎസ് രഹസ്യാന്വേഷണ വിഭാഗവും യു.എസ് പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും ഇതേസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സർക്കാർ തപാൽ കേന്ദ്രത്തിൽവെച്ചുതന്നെ പാഴ്സലിൽ വിഷം ഉൾക്കൊള്ളുന്നതായി തിരിച്ചറിഞ്ഞതിനാൽ വൈറ്റ് ഹൗസിലേയ്ക്ക് പാഴ്സൽ എത്താതെ തടയാൻ സാധിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ജൈവായുധമായി ഉപയോഗിക്കാനാവുന്ന അതിമാരക വിഷമായ റെസിൻ കടുകുമണിയോളം റെസിൻ ശരീരത്തിനുള്ളിലെത്തിയാൽ മതി മരണം സംഭവിക്കാൻ. ഇതിന് നിലവിൽ മറുമരുന്നുകളൊന്നുമില്ല.
മുമ്പ് ബറാക് ഒബാമ പ്രസിഡണ്ടായിരുന്ന കാലത്ത് രണ്ടുതവണ റെസിൻ ഉൾക്കൊള്ളുന്ന കത്തുകൾ വൈറ്റ് ഹൗസിലെത്തിയിരുന്നു. ആ സംഭവത്തിൽ രണ്ടു പേരെ പോലീസ് പിടികൂടുകയും ചെയ്തു. 2014ൽ മിസ്സിസിപ്പി സ്വദേശിയായ ജയിംസ് എവെറെറ്റ് എന്നയാൾ 25 വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു.