കോട്ടയം: ഉമ്മൻചാണ്ടി കേരളജനതയുടെ മനസ് തൊട്ടറിഞ്ഞ യഥാർഥ നേതാവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഉമ്മൻചാണ്ടി നിയമസഭാ സാമാജികത്വം അരനൂറ്റാണ്ട് പൂർത്തിയായതിന്റെ ഭാഗമായി കോട്ടയത്ത് സംഘടിപ്പിച്ച ആഘോഷങ്ങളിൽ ഓൺലൈനിൽ സന്ദേശം നൽകുകയായിരുന്നു രാഹുൽ. ഉമ്മൻചാണ്ടിയുടെ ജനകീയത അത്ഭുതപ്പെടുത്തുന്നുവെന്ന് രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റേയും സന്ദേശം വായിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ എകെ ആന്റണിയും കെസി വേണുഗോപാലും മുൻ കേന്ദ്രമന്ത്രി വയലാർ രവിയും ഓൺലൈനായി ആശംസ അറിയിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സീറോമലബാർസഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര സുറിയാനിസഭാ മേജർ ആർച്ച് ബിഷപ് ബസേലിയോസ് മാർ ക്ലീമിസ്, ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ജോസഫ് മാർ മാർത്തോമ്മ മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ് മാർ മാത്യൂ മൂലക്കാട്ട്, തോമസ് മാർ തിമോത്തിയോസ്, ബിഷപ്
സെബാസ്റ്റ്യൻ തെക്കത്തുച്ചേരിൽ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, പ്രശസ്ത കവയത്രി സുഗതകുമാരി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവർ ആശംസകൾ നേർന്നു.
സുകൃതം സുവർണം എന്ന പേരിലാണ് ഉമ്മൻ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അരനൂറ്റാണ്ടിന്റെ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഉമ്മൻ ചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് കേക്ക് മുറിക്കുകയും ചെയ്തു.
1970 മുതല്‍ പുതുപ്പള്ളിയുടെ കണ്ണാടിയായ ‘കുഞ്ഞൂഞ്ഞി’നെ മലയാളക്കര ആദരിച്ചു. അക്ഷരനഗരിയുടെ മടിത്തട്ടായ മാമ്മന്‍ മാപ്പിള ഹാളിലാണ് സാമൂഹിക- സാമുദായിക- രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ആദരവ് അര്‍പ്പിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അധ്യാപകന് പി.ഐ. ചാക്കോ, ഗുരുസ്ഥാനീയരായ സ്കറിയ തൊമ്മി പറപ്പള്ളി, ശിവരാമന് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായിരുന്നു.