ഡെൽഹിയിൽ രോഗ വ്യാപനം തടയാൻ ആരാധനാലയങ്ങൾ മുൻ കരുതലെടുക്കണം: കെജ്‌രിവാൾ

ന്യൂഡെൽഹി: വരാനിരിക്കുന്ന മാസം ഉത്സവകാലമായതിനാൽ കൊറോണ വ്യാപനത്തിന്റെ കാര്യത്തിൽ കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വരും ദിവസങ്ങളിൽ നിരവധി ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ടാകും.
ഡെൽഹിയിൽ നിലവിൽ കൊറോണ വ്യാപനം നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും ഇത്തരം സാഹചര്യങ്ങളിൽ ആരാധനാലയങ്ങളിൽ രോഗ വ്യാപനം തടയാനായി കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷം ഒക്ടോബർ 17 നാണു ആരംഭിക്കുന്നത്. ഒക്ടോബർ 25 ന് അവസാനിക്കുന്ന നവരാത്രി ആഘോഷം കഴിഞ്ഞാൽ പിന്നീട് നവംബറിൽ ദീപാവലി ആഘോഷങ്ങളുടെ സമയമാണ്. ഇൗ സമയങ്ങളിൽ കൊറോണ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം എന്ന് പൊതുജനങ്ങളോടും ആരാധനാലയങ്ങളുടെ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആരാധനാലയങ്ങൾ മിക്കതും മാർച്ച് മാസം മുതൽ അടഞ്ഞുകിടക്കുകയാണ്. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ഓഗസ്റ്റിൽ ചിലയിടങ്ങളിൽ ആരാധനാലയങ്ങൾ തുറക്കുകയും കൊറോണ പ്രതിരോധ മുൻകരുതലുകൾ സ്വീകരിച്ച് പ്രവർത്തിക്കുകയും ചെയ്തിരുന്നു