ഒമാനിൽ സ്‌കൂളുകൾ നവംബറില്‍ തുറക്കും; ദുബായില്‍ നഴ്​സറി സ്കൂളുകൾ തുറക്കാൻ കർശന നിര്‍ദേശം

ദുബായ്: ഒമാനിലെ എല്ലാ സ്‌കൂളുകളും നവംബറില്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ദുബായില്‍ നഴ്​സറികള്‍ തുറക്കുന്നതിന്​ കൂടുതല്‍ നിര്‍ദേശങ്ങളുമായി കെഎച്ച്‌​ഡിഎ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധമായും കൊറോണ പരിശോധനക്ക്​ ഹാജരായിരിക്കണമെന്ന്​ നിര്‍ദേശമുണ്ട്​.

എട്ടുമാസം അടച്ചിട്ടതിനുശേഷമാണ് ഒമാനിൽ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങുന്നത്. കര്‍ശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുക. എല്ലാ സ്വകാര്യ സ്‌കൂളുകളും അന്താരാഷ്ട്ര പാഠ്യപദ്ധതി പിന്തുടരുന്നവരും ഇതിനകം ആരംഭിച്ച വിദൂരപഠന ക്ലാസുകള്‍ നവംബര്‍ ഒന്നുവരെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല ഖാമിസ് അല്‍ അംബുസൈദി പറഞ്ഞു.

ദുബായില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ കൊറോണ പരിശോധന നിര്‍ബന്ധമില്ലെന്ന്​ നേരത്തെ അറിയിച്ചിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്​ സ്​ഥിരമായി കൊറോണ പരിശോധന ആവശ്യമില്ല.

എന്നാല്‍, രോഗലക്ഷണമുള്ള കുട്ടികളെ പരിശോധിക്കാം. സ്​ഥാപനങ്ങള്‍ തുറക്കുന്നതിന്​ മുന്‍പ്​ കെഎച്ച്‌​ഡിഎയുടെ അനുമതി തേടണം. മുന്‍കരുതലുകളെയും തയാറെടുപ്പുകളെയും കുറിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കണം. കുട്ടികള്‍ക്ക്​ മറ്റ്​ രോഗങ്ങളൊന്നുമില്ലെന്ന്​ രക്ഷിതാക്കള്‍ ഡിക്ലറേഷന്‍ നല്‍കണം.