‘മികച്ച ശമ്പളത്തിന് കൊറോണ രോഗിയെ ശുശ്രൂഷിക്കാൻ ഗൾഫിൽ ജോലി’ ; മലയാളികളടക്കം നിരവധി പേർ തട്ടിപ്പിന് ഇരയായി

അബുദാബി: മികച്ച ശമ്പളത്തിന് കൊറോണ രോഗിയെ ശുശ്രൂഷിക്കാനെന്ന പേരിൽ ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ തൊഴില്‍ തട്ടിപ്പ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ വാഗ്‍ദാനം ചെയ്തുള്ള തട്ടിപ്പു വ്യാപകമാകുന്നത്. മലയാളികളടക്കം നിരവധിപേരാണ് തട്ടിപ്പിനിരയായത്.

പ്രമുഖ കമ്പനികളുടെ പേരില്‍ വ്യാജ റിക്രൂട്ടിംഗ് ഏജൻസിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നത്. കൊറോണ കാലത്ത് ജോലി സാധ്യതകൾ മങ്ങിയതും പലരും പ്രതിസന്ധിയിലായതും തട്ടിപ്പുകാര്‍ മുതലെടുക്കുകയായിരുന്നു.

ഓരോ അപേക്ഷകനിൽ നിന്നും റിക്രൂട്ട്മെന്റ് ഫീസ്, നികുതി, അഭിമുഖം ബുക്കിംഗ് ഫീസ് തുടങ്ങിയവയുടെ പേരിൽ 1000 മുതൽ 3000 ദിർഹം വരെ ഈടാക്കിയാണ് തട്ടിപ്പ്. പിന്നീട് ഇങ്ങനെയൊരു ജോലി ഇല്ലെന്ന് മനസിലായതോടെ ഏജൻസിയെ സമീപിച്ചവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഓൺലൈൻ തൊഴിൽ രംഗത്തും തട്ടിപ്പ് വ്യാപകമാണ്.

ജോലി ചെയ്യിപ്പിച്ചു ശമ്പളം നൽകാതിരിക്കുന്നതും ശമ്പളം നൽകാനെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ ചോർത്തുന്നതുമെല്ലാം ഇവരുടെ രീതിയാണെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രതപാലിക്കണമെന്നും ഗള്‍ഫിലെ യഥാർഥ റിക്രൂട്ടിംഗ് ഏജൻസികൾ ഒരിക്കലും അപേക്ഷകരില്‍ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.