കുട്ടനാട്ടിൽ മത്സരിക്കാനൊരുങ്ങി ബിഡിജെഎസ് വിമത നേതാവ് സുഭാഷ് വാസു ; വോട്ടുകൾ ഭിന്നിക്കും

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ബിഡിജെഎസ് വിമത വിഭാഗം നേതാവ് സുഭാഷ് വാസു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ വോട്ടുകളാണ് വീണ്ടും കളത്തിലിറങ്ങാൻ സുഭാഷ് വാസുവിനെ പ്രേരിപ്പിക്കുന്നത്. ഒപ്പം മണ്ഡലത്തിലെ ബന്ധങ്ങളും.

സുഭാഷ് വാസു കൂടി കളത്തിലിറങ്ങുന്നതോടെ മണ്ഡലത്തിൽ പ്രബലമായ സമുദായത്തിൻ്റെ വോട്ടുകൾ ഭിന്നിക്കുമെന്ന് ഉറപ്പായി. ഇത് ഏതു മുന്നണിക്ക് നേട്ടമാകും എന്നതിനെ ആശ്രയിച്ചായിരിക്കും കുട്ടനാട്ടിലെ വിജയം.

സർക്കാർ വിരുദ്ധ വോട്ടുകളും യുഡിഎഫിലെ ഭിന്നതയും നേട്ടമാകുമെന്ന് സുഭാഷ് വാസു വിലയിരുത്തുന്നു. ഈ സാഹചര്യം മുതലെടുത്ത് കളത്തിലിറങ്ങാനാണ് സുഭാഷ് വാസു പക്ഷത്തിൻ്റെ തീരുമാനം. പാർട്ടി
മറ്റന്നാൾ സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിക്കും. മുൻ ഡിജിപി ടി പി സെൻകുമാറോ സുഭാഷ് വാസുവോ മത്സരത്തിനിറങ്ങുമെന്നാണ് സൂചന.

അതേസമയം തുഷാർ വെള്ളാപ്പള്ളി കുട്ടനാട്ടിൽ മൽസരിക്കാൻ ബിജെപി സമ്മർദ്ദം ശക്തമാക്കി. കുട്ടനാട്ടിലെ എസ്എൻഡിപി വോട്ടുകൾ ഭിന്നിച്ചാൽ തനിക്ക് എന്നാൽ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വരുന്നമെന്നതിനാൽ തുഷാർ മൽസരിക്കില്ലെന്നാണ് സൂചന. എന്നാൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാർ മുന്നോട്ട് വയ്ക്കുന്നത്.ബിഡിജെഎസ് സംസ്ഥാന സെക്രട്ടറിമാരായ ടി പി മന്മദൻ, സന്തോഷ് ശാന്തി, ജില്ലാ പ്രസിഡന്‍റ് ടി അനിയപ്പൻ എന്നീ പേരുകളാണ് പരിഗണനയിൽ.

തീരുമാനം അടുത്താഴ്ചയെന്നാണ് സംസ്ഥാന നേതാക്കൾ പറയുന്നത്. അതിനിടെ സാമുദായിക ഘടകകങ്ങൾ തുണച്ചാൽ കുട്ടനാട്ടിൽ ജയിച്ചുകയറാമെന്നാണ് ബിജെപി വിലയിരുത്തൽ. 2016ൽ മണ്ഡലത്തിൽ എൻഡിഎ നേടിയ വലിയ മുന്നേറ്റമാണ് പ്രതീക്ഷയ്ക്ക് പിന്നിൽ. എന്നാൽ ഈ കണക്കുകൂട്ടലിന് ഇത്തവണ അടിസ്ഥാനമില്ലെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.