കൊളംബോ : തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരം പ്രസിഡന്റിന് നൽകി ശ്രീലങ്കയിൽ ഭരണഘടനാ ഭേദഗതി. പ്രസിഡന്റിന് സമ്പൂർണ്ണ നിയമസുരക്ഷയും ഇതിനൊപ്പം ലഭിക്കും. പ്രസിഡന്റിന് അമിതാധികാരങ്ങള്‍ നല്‍കുന്നതാണ് ഭരണഘടനാ ഭേദഗതി. 2015ലെ പാര്‍ലമെന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയ 19–-ാം ഭരണഘടനാ ഭേദഗതിക്ക് ബദലായാണ് 20–-ാം ഭേദഗതി. ഭരണഘടനാ കൗണ്‍സിലിനു(സിസി)പകരം പാര്‍ലമെന്ററി കൗണ്‍സില്‍ വേണമെന്നും ഇതില്‍ പാര്‍ലമെന്ററി അംഗങ്ങള്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അവകാശമെന്നുമാണ് പുതിയ ഭേദഗതി.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടക്കമുള്ള മൂന്ന് സ്വതന്ത്ര കമ്മിഷന്‍ റദ്ദാക്കും. കമ്മിഷനുകളിലേക്കുള്ള നിയമനം പ്രസിഡന്റിന്റെ അധീനതയില്‍ വരുന്ന പാര്‍ലമെന്ററി കൗണ്‍സിലിനാകും.നേരത്തെ ഇത് പൂര്‍ണമായും ഭരണഘടനാ കൗണ്‍സിലിന്റെ ഉത്തരവാദിത്തമായിരുന്നു. 19എയില്‍ ഉള്‍പ്പെടുത്തിയിരുന്ന വിവരാവകാശ നിയമവും റദ്ദാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അധികാരവും 20–-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. മന്ത്രിസഭയിലെ അംഗങ്ങളുടെ പരിധിയും ഒഴിവാക്കി.
മൂന്നാഴ്ചയ്ക്കകം ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി അവതരിപ്പിക്കുമെന്ന് ഊര്‍ജമന്ത്രി ഉദയ ഗമ്മന്‍പില അറിയിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന തെരഞ്ഞെടുപ്പില്‍ 225 സീറ്റില്‍ 150 സീറ്റ് ശ്രീലങ്ക പീപ്പിള്‍സ് പാര്‍ടിക്ക് ലഭിച്ചിരുന്നു. മൂന്നില്‍ രണ്ട് സീറ്റ് ലഭിച്ചതിനാല്‍ ഭരണഘടനാ ഭേദഗതി പാസാക്കുന്നതില്‍ സര്‍ക്കാരിന് തടസ്സമുണ്ടാകില്ല.
1978 മുതല്‍ പ്രസിഡന്റിന് അമിതാധികാരം നല്‍കി വന്നിരുന്ന ശ്രീലങ്കയില്‍ ജനാധിപത്യ അനുകൂലമായാണ് 19 എ ഭേദഗതി അവതരിപ്പിച്ചത്. കോടതികൾക്കും പൊതുഭരണ സംവിധാനങ്ങള്‍ക്കും തെരഞ്ഞെടുപ്പിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്നതായിരുന്നു ഇത്. എന്നാല്‍, ഇത് അപ്പാടെ തകിടം മറിച്ചുകൊണ്ടാണ് പുതിയ ഭേദഗതി പ്രസിഡന്റ് ഗോതബായി രജപകസെ അവതരിപ്പിച്ചത്