പരീക്ഷണം വിജയകരം; തേനീച്ച വിഷം സ്തനാർബുദ കോശങ്ങളെ ഇല്ലാതാക്കുമെന്ന് പഠനം

കാൻബറ(ഓസ്ട്രേലിയ): തേനീച്ച വിഷം സ്തനാർബുദ കോശങ്ങളെ ഇല്ലാതാക്കുമെന്ന് പഠനം. പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ഹാരി പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് ആണ് പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തേനീച്ചയുടെ വിഷത്തിലടങ്ങിയ മിലിറ്റിൻ എന്ന സംയുക്തം മാരകവും ചികിത്സ ഏറെ ബുദ്ധിമുട്ടുള്ളതുമായ ട്രിപ്പിൾ നെഗറ്റീവ്, എച്ച്.ഇ.ആർ.‍2 എന്നീ രണ്ട് സ്തനാർബുദങ്ങൾക്കെതിരേ ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായി ഹാരി പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കി. ഇത് വിജയിച്ചാൽ ലോകത്തിൽ വലിയ ഭീഷണിയായിരിക്കുന്ന സ്തനാർബുദത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

തേനീച്ച വിഷത്തെ കുറിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തിവരികയാണ് പെർകിൻസ് ഇൻസ്റ്റിറ്റ്യൂട്ട്.മുന്നൂറോളം തേനീച്ചകളിൽ നിന്നും വിഷം ശേഖരിച്ചാണ് പഠനം നടത്തിയത്. ഇൗ വിഷത്തിന് ഉഗ്ര വീര്യം ഉള്ളതായി കണ്ടെത്തിയെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷക കിയാറ ഡഫി പറഞ്ഞു. ഇതിലെ ഒരു സംയോജനം, മറ്റ് കോശങ്ങൾക്ക് കേടുപാടുകൾ വരുത്താതെതന്നെ, അർബുദകോശങ്ങളെ ഒരു മണിക്കൂറിനുള്ളിൽ നശിപ്പിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.

അർബുദകോശങ്ങളുടെ വളർച്ച തടയാനും അവയെ നശിപ്പിക്കാനും മിലിറ്റിൻ സംയുക്തത്തിന് കഴിയുമെന്നും ഡഫി പറഞ്ഞു. തേനീച്ചയിൽ സ്വാഭാവികമായി ഉണ്ടാകുന്ന മിലിറ്റൻ കൃത്രിമമായി കൃത്രിമമായി പരീക്ഷണശാലകളിൽ നിർമിക്കാം.

സ്തനാർബുദങ്ങളുടെ 10-15 ശതമാനവും ഏറ്റവും മാരകമായ ട്രിപ്പിൾ നെഗറ്റീവിന് ശസ്ത്രക്രിയ, റേഡിയോതെറാപ്പി, കീമോതെറാപ്പി ചികിത്സകളാണ് നിലവിലുള്ളത്.