കേരള കോൺഗ്രസ് എമ്മിൻ്റെ രണ്ടില ചിഹ്നവും പേരും ജോസ് വിഭാഗത്തിന്; അപ്പീലിന് ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് എമ്മിൻ്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയും പാർട്ടി പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതോടെ ജോസ് – ജോസഫ് വിഭാഗങ്ങൾ തമ്മിൽ പാർട്ടി ചിഹ്നത്തെ ചൊല്ലി നിലനിന്ന തർക്കത്തിന് പരിഹാരമായി. എന്നാൽ ഇക്കാര്യത്തിൽ അപ്പീൽ നൽകുമെന്ന് പിജെജോസഫ് പറഞ്ഞു.

പാർട്ടി നേതാവ് ജോസ് കെ മാണിയും തോമസ് ചാഴിക്കാടനുമടക്കം രണ്ട് എംപിമാർ പാർട്ടിക്കുണ്ടായത് പരിഗണിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനമെന്നാണ് സൂചന. ഇതിനൊപ്പം എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ജയ്രാജ് എന്നിവരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളിൽ കൂടുതൽ പേരും ഒപ്പം നിന്നതും ജോസ് വിഭാഗത്തിന് നേട്ടമായി.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ടുപേരാണ് ചിഹ്നം ജോസ് വിഭാഗത്തിന് നൽകുന്നതിനെ അനുകൂലിച്ചത്. ഒരംഗം തീരുമാനത്തെ എതിർത്തു. ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതിനാൽ ചിഹ്നം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു. കെഎംമാണി ഉയർത്തിയ രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടിയാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ പാലാ ഉപ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ ജോസ് ടോമിന് രണ്ടില ചിഹ്നം നിഷേധിച്ചതിനെ തുടർന്ന് കൈതച്ചക്ക ചിഹ്നത്തിലായിരുന്നു മത്സരിച്ചത്. ചിഹ്നത്തെ ചൊല്ലി ഉപതെരഞ്ഞെടുപ്പിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന് മധുര പ്രതികാരം കൂടിയായി ജോസ് വിഭാഗത്തിൻ്റെ ഇപ്പോഴത്തെ വിജയം.