തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ – യൂത്ത് കോൺഗ്രസ്സ് സംഘര്‍ഷം; ഷാഫി പറമ്പിലിനെയും ശബരീനാഥിനെയും അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: പട്ടം പിഎസ് സി ഓഫീസിനു മുന്നിൽ ഡിവൈഎഫ്ഐ യൂത്ത്കോൺഗ്രസ്സ് സംഘർഷം. പിഎസ് സി നടപടികളിൽ പ്രതിഷേധിച്ച് ആസ്ഥാനത്തിനു മുന്നിൽ ഷാഫി പറമ്പിൽ എംഎൽഎ യുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസിന്റെ പട്ടിണി സമരം നടത്തിയിരുന്നു. വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇവിടേക്ക് പ്രകടനമായി എത്തി. തുടർന്ന് രണ്ടു കൂട്ടരും ശക്തമായ മുദ്രാവാക്യം വിളികൾ തുടങ്ങിയതോടെ സംഘർഷത്തിനിടയാക്കുകയായിരുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിരാജ് എന്നിവർ വെഞ്ഞാറമൂട്ടിൽ വെട്ടേറ്റ് കൊലപ്പെട്ടിരുന്നു. ഇവർ ഗുണ്ടകളാണെന്ന ചെന്നിത്തലയുടെ പ്രസ്താവനയിലും കൊലപാതകത്തിലും പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്ഐ മാർച്ച്.

കുറച്ചുപോലീസുകാർ മാത്രമേ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളു.ഹെൽമെറ്റുകളും കസേരകളും കൊണ്ട് എറ് തുടങ്ങിയതോടെ സംഘർഷം രൂക്ഷമായി. വേഗത്തിൽ കൂടുതൽ പോലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

സമരപ്പന്തലിൽ പട്ടിണി സമരം തുടർന്ന ഷാഫി പറമ്പിൽ എംഎൽഎയെയും കെ എസ് ശബരീനാഥ് എംഎൽഎയെയും അടക്കമുള്ളവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. തങ്ങളെ ലക്ഷ്യമിട്ടാണ് ഡിവൈഎഫിഐക്കാർ സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്നും തങ്ങളെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നുവെന്നും എംഎൽഎമാർ പറഞ്ഞു.